കൊളംബോ: ശ്രീലങ്കയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ രാജിക്ക് സമ്മതമറിയിച്ച് പ്രസിഡന്റ് ഗോടബയ രാജപക്സെ. ജൂലൈ 13ന് അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബേവർധനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ വസതിയും ഓഫീസും പ്രക്ഷോഭകാരികൾ പിടിച്ചടക്കിയതോടെയാണ് പ്രസിഡന്റ് രാജിവെക്കാൻ നിർബന്ധിതനായത്.
സമാധാനപരമായ അധികാര കൈമാറ്റത്തിന് പ്രസിഡന്റ് ജൂലൈ 13ന് രാജി സമർപ്പിക്കുമെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ബുധനാഴ്ച വരെ രാജപക്സെ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. ജനങ്ങൾ അക്രമങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും സ്പീക്കർ അഭ്യർഥിച്ചു.
രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വസതിക്ക് പ്രക്ഷോഭകർ തീയിട്ടു. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വാഹനങ്ങൾ നശിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ, പ്രസിഡന്‍റ് ഗോടബയ രാജപക്സെയുടെ രാജിയാവശ്യപ്പെട്ട് ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കടന്ന പ്രതിഷേധക്കാർ വൻ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.
നേരത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചിരുന്നു. സർക്കാറിന്റെ പിന്തുടർച്ചയും ജനങ്ങളുടെ സുരക്ഷയും മുൻനിർത്തി പാർട്ടി നേതാക്കളുടെ നിർദേശം താൻ അംഗീകരിക്കുകയാണെന്ന് രാജി പ്രഖ്യാപനത്തിന് പിന്നാലെ റെനിൽ വിക്രമസിംഗെ പറഞ്ഞിരുന്നു. എല്ലാ കക്ഷികളേയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുന്നതിനായി താൻ പ്രധാനമന്ത്രിപദം രാജിവെക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത പാർട്ടി നേതാക്കളുടെ അടിയന്തര യോഗത്തിൽ പ്രസിഡന്റ് ഗോടബയ രാജപക്സ ഉടനടി രാജിവെക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ടുണ്ടായിരുന്നു. എന്നാൽ, ഇതിന് പിന്നാലെ നാടകീയമായി പ്രധാനമന്ത്രി രാജിവെക്കുകയായിരുന്നു. പ്രസിഡന്‍റ് രാജ്യംവിട്ടതായി അഭ്യൂഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.