ലിമ: പ്രസിഡന്റ് ദിന ബൊലുവാർട്ടിനെതിരായ പ്രതിഷേധത്തെത്തുടർന്ന് തലസ്ഥാനമായ ലിമയിലും മറ്റ് മൂന്ന് പ്രദേശങ്ങളിലും പെറു സർക്കാർ ശനിയാഴ്ച വൈകിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ചകളിലായി നടന്ന പ്രതിഷേധങ്ങളിൽ 42 പേരാണ് കൊല്ലപ്പെട്ടത്. 30 ദിവസത്തേക്ക് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ക്രമസമാധാനപാലനത്തിനായി സൈന്യത്തെ അധികാരപ്പെടുത്തുകയും സഞ്ചാരസ്വാതന്ത്ര്യവും ഒത്തുചേരലും പോലുള്ള നിരവധി ഭരണഘടനാപരമായ അവകാശങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
തലസ്ഥാനത്തിന് പുറമേ ലിമയോട് ചേർന്നുള്ള കുസ്‌കോ, പുനോ എന്നീ പ്രദേശങ്ങളും കാലാവോ തുറമുഖവും അടിയന്തരാവസ്ഥയിൽ ഉൾപ്പെടുന്നു.
പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ പെറുവിന്‍റെ തെക്ക് ഭാഗത്തും ലിമയ്ക്ക് ചുറ്റും നൂറിലധികം റോഡുകളിൽ ഗതാഗതം തടഞ്ഞു. എന്നിരുന്നാലും, പെറുവിലെ ടൂറിസം മേഖലയ്ക്ക് സുപ്രധാനമായ കുസ്‌കോ അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ വീണ്ടും തുറന്നു.
മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം ഡിസംബർ ആദ്യം രാജ്യത്ത് വലിയ സർക്കാർ വിരുദ്ധ പ്രകടനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.
കാസ്റ്റിലോയുടെ അനുയായികൾ പുതിയ തിരഞ്ഞെടുപ്പിനും ബൊലുവാർട്ടിനെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തെക്കേ അമേരിക്കൻ രാജ്യത്തിന് ചുറ്റും മാർച്ച് ചെയ്യുകയും തെരുവുകൾ തടയുകയും ചെയ്തു.
കാസ്റ്റിലോയുടെ പാർട്ടിയിൽ തന്നെയുള്ള പ്രസിഡന്റ് ബൊലുവാർട്ട് താൻ സ്ഥാനമൊഴിയില്ലെന്ന് തറപ്പിച്ചുപറഞ്ഞു. 60കാരനായ ബൊലുവാർട്ട് അഞ്ച് വർഷത്തിനിടെ പ്രസിഡന്‍റ് സ്ഥാനത്ത് എത്തുന്ന ആറാമത്തെ വ്യക്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.