വാഷിങ്ടൺ: അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് ജീവൻ നിലനിർത്താൻ വിവിധ തരം സ്റ്റിറോയ്ഡുകൾ ഗുണകരമാണെന്ന് പഠനം. വിലകുറഞ്ഞ മരുന്നാണെങ്കിലും മികച്ച സുരക്ഷയാണ് സ്റ്റിറോയ്ഡുകൾ നൽകുന്നതെന്നാണ് കണ്ടെത്തൽ.
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഏഴ് പഠനങ്ങളുടെ ഫലങ്ങൾ വിശകലനം ചെയ്തതിൽ നിന്നാണ് ശാസ്ത്രജ്ഞർ ഇങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ബുധനാഴ്ച പുറത്തിറക്കിയ ജേണലിലാണ് പഠനത്തെക്കുറിച്ചുള്ള വിവരമുള്ളത്.
സാധാരണ നിലയിലുള്ള പരിചരണവും പ്ലേസ് ബോ ശുശ്രൂഷയും ലഭ്യമാക്കിയ, അധികമായി ഓക്സിജൻ ആവശ്യമുള്ള ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ അപേക്ഷിച്ച് സ്റ്റിറോയ്ഡുകൾ നൽകിയ രോഗികൾക്ക് ആദ്യ മാസങ്ങളിലെ മരണ സാധ്യത കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി.
പഠനഫലം കൂടുതൽ അവസരങ്ങൾ തുറന്നു തന്നിരിക്കുകയാണെന്ന് പഠനങ്ങളിലൊന്നിന് നേതൃത്വം നൽകിയ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഡോ. മാർട്ടിൻ ലാൻഡ്രേ പറഞ്ഞു. പഠനഫലം ഒരുപാട് ചുവടുകൾ മുന്നോട്ട് എത്തിച്ചതായും എന്നാൽ മതിപ്പുതോന്നുന്ന കണ്ടെത്തലാണെന്നും ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഡോ. അന്തോണി ഗോർഡൻ അഭിപ്രായപ്പെട്ടു. അതേസമയം ഇത് രോഗം പൂർണമായും ഭേദപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റിറോയ്ഡ് മരുന്നുകൾ വളരെ ചെലവ് കുറഞ്ഞതും വ്യാപകമായി ലഭ്യമാകുന്നതും പതിറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നതുമാണ്. അണുബാധക്കെതിരെ ശരീരത്തിെൻറ പ്രതിരോധ വ്യവസ്ഥ പ്രവർത്തിക്കുന്നതിെൻറ ഫലമായി കോവിഡ് രോഗികളുടെ ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിക്കുകയും ഇത് മരണത്തിനുവരെ ഇടയാക്കുകയും ചെയ്യും. അണുബാധക്കെതിരെയുള്ള ശരീരത്തിെൻറ പ്രതിരോധ വ്യവസ്ഥയുടെ പ്രവർത്തനഫലമായി രോഗികളുടെ ശരീരത്തിനുണ്ടാകുന്ന താപം കുറക്കാൻ സ്റ്റിറോയ്ഡുകൾ സഹായകരമാണ്. കായിക പ്രകടനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന തരം സ്റ്റിറോയ്ഡുകളല്ല ഇവ.
ഓക്സ്ഫോൾഡ് സർവകലാശാലയിലാണ് ഭൂരിഭാഗം പഠനങ്ങളും നടന്നത്. ശ്വസന സഹായികളുടെ പിൻബലത്തോടെ മാത്രം ശ്വസിക്കാൻ കഴിയുന്ന തരത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 35 ശതമാനം പേരേയും ഡെക്സാമെതസോൺ എന്ന സ്റ്റിറോയ്ഡിെൻറ ഉപയോഗം മരണത്തിൽനിന്ന് രക്ഷപ്പെടുത്തിയതായും ഇവരിൽ 20 ശതമാനം പേരും അധിക ഓക്സിജൻ ആവശ്യമായവരായിരുന്നുവെന്നും ജൂണിൽ നടന്ന പഠനത്തിൽ കണ്ടെത്തി. ഗുരുതരമല്ലാത്ത കോവിഡ് രോഗികളിൽ സ്റ്റിറോയ്ഡുകൾ ഫലപ്രദമല്ലെന്ന് മാത്രമല്ല, ദോഷകരമാണെന്നും പഠനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.