വാഷിംഗ്ടൺ: കുട്ടികളും സ്ത്രീകളും അടങ്ങുന്ന നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേൽ കിരാത നടപടിക്കെതിരെ അമേരിക്കയിലെ അറബ്, മുസ്ലീം, ഫലസ്തീനിയൻ സംഘടന നേതാക്കൾ. ഉപാധികളില്ലാതെ ഇസ്രായേലിനെ പിന്തുണക്കുന്ന യു.എസ് നിലപാടിനെതിരെയാണ് നേതാക്കൾ രംഗത്തെത്തിയത്. പ്രസിഡന്റെന്നെ രീതിയിൽ ജോ ബൈഡൻ എത്രയും പെട്ടെന്ന് സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തണമെന്ന് അവർ പറഞ്ഞു. വെള്ളിയാഴ്ച വാഷിങ്ടൺ ഡി.സിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അറബ്, മുസ്ലീം അമേരിക്കൻ നേതാക്കൾ അമേരിക്കൻ നിലപാടിനെതിരെ രംഗത്തുവന്നത്.
ഫലസ്തീനികളുടെ മാനവികത സംരക്ഷിക്കുന്നതിൽ പ്രസിഡന്റ് ജോ ബൈഡൻ പരാജയപ്പെട്ടതായി കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് ഡയറക്ടർ നിഹാദ് അവദ് ആരോപിച്ചു. ഫലസ്തീനികൾ പതിറ്റാണ്ടുകളായി എല്ലാത്തരം അക്രമങ്ങൾക്കും വിവേചനങ്ങൾക്കും വംശീയ ഉന്മൂലനത്തിനും കീഴ്പ്പെടുകയാണ്. ഇസ്രായേലിന് വംശഹത്യ, യുദ്ധക്കുറ്റങ്ങൾ എന്നിവ ചെയ്യാൻ പച്ചക്കൊടി കാട്ടുക വഴി അമേരിക്കൻ പൗരന്മാർ എന്ന നിലയിൽ ബൈഡൻ തങ്ങളെയും ലോക സമൂഹത്തെയും പരാജയപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ഉടൻ ആക്രമണം അവസാനിപ്പിക്കാൻ യു.എസ് ഇടപെടണമെന്ന് അമേരിക്കൻ-അറബ് വിവേചന വിരുദ്ധ സമിതിയിലെ ദേശീയ ഗവൺമെന്റ് കാര്യ ഡയറക്ടറും അഭിഭാഷകനുമായ ക്രിസ് ഹബിബി പറഞ്ഞു. നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ ഇസ്രായേലി നുണകൾ സത്യമാണെന്ന് വിശ്വസിക്കുകയും മതയുദ്ധത്തിന് ആഹ്വാനം ചെയ്യുകയും ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ സ്ഥലത്തിന്റെ നാശത്തിനായി പരസ്യമായി വാദിക്കുകയും ചെയ്യുകയാണെന്ന് ഫലസ്തീനിലെ അമേരിക്കൻ മുസ്‌ലിംസ് ഫോർ പാലസ്‌തീന്റെ അഡ്വക്കസി ഡയറക്‌ടറായ അയാഹ് സിയാദെ ആരോപിച്ചു.
അതിനിടെ ഇസ്രായേൽ ഭീകരതക്കെതിരെ അമേരിക്കയിൽ ന്യൂയോർക്കിലടക്കം റാലികൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.