ലണ്ടൻ: 12 വർഷത്തെ സ്കൂൾ പഠനത്തിനിടയിൽ ഒരു ദിവസംപോലും അവധിയെടുക്കാതെ 100 ശതമാനം ഹാജരുമായി ഒരു വിദ്യാർഥി. യു.കെയിലെ ബെഡ്ഫോർഡ്ഷയറിലുള്ള 16കാരൻ ഗയ് ക്രോസ്‍ലാൻഡ് ആണ് ഈ അവിശ്വസനീയ നേട്ടത്തിനുടമയായത്. ഹിച്ചിനിലെ ഔവർ ലേഡി പ്രൈമറി സ്കൂൾ, ജോൺ ഹെന്റി ന്യൂമാൻ സ്കൂൾ, ഹിച്ചിൻ ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലായാണ് ക്രോസ്‍ലാൻഡ് സ്കൂൾ പഠനം പൂർത്തിയാക്കിയത്.
ലോക്ക്ഡൗണിൽ പോലും മകൻ അവധിയെടുത്തിട്ടില്ലെന്ന് മാതാവ് ജൂലിയ ക്രോസ്‍ലാൻഡ് പറഞ്ഞു. 'ഗയ് യഥാർഥ പോരാളിയാണ്. അവനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ചില ദിവസങ്ങളിൽ രാവിലെ സ്കൂളിൽ പോകുന്നത് കടുത്തതായി മാറിയിട്ടുണ്ട്. എങ്കിലും എല്ലായ്പോഴും അവൻ അവിടെ എത്തുമായിരുന്നു. കോവിഡ് കാലത്ത് എല്ലാം മാറിമറിഞ്ഞപ്പോൾ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലായി. അന്ന് ഓൺലൈൻ ക്ലാസുകൾക്ക് അവൻ കൃത്യമായി ഹാജരുണ്ടായിരുന്നു. മുഴുവൻ ഹാജരും ലക്ഷ്യമിട്ടുതന്നെ, അസുഖങ്ങളുടെ തുടക്കത്തിൽ ഡോക്ടർമാരെ കാണാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും ജൂലിയ പറഞ്ഞു.
സാഹചര്യങ്ങൾ അനുകൂലമല്ലാത്ത അവസ്ഥയിലും സ്കൂളിൽ പോകുന്നത് മുടക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നതായി ഗയ് ക്രോസ്‍ലാൻഡ് പറഞ്ഞു. ഈ നേട്ടം എത്തിപ്പിടിക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഒടുവിൽ ലക്ഷ്യം നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഗയ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.