ഡബ്ലിൻ: അയർലൻഡിലെ അതിപ്രശസ്തമായ ഡബ്ലിൻ ട്രിനിറ്റി കോളജ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികൾ നടത്തുന്ന ഇസ്രായേൽ വിരുദ്ധ സമരം വിജയം കണ്ടു. തങ്ങളുടെ ആവശ്യങ്ങൾ സർവകലാശാലാ അധികൃതർ അംഗീകരിച്ചതിനെത്തുടർന്ന് വിദ്യാർഥികൾ യൂനിവേഴ്സിറ്റിയിൽ സ്ഥാപിച്ച ഗസ്സ ഐക്യദാർഢ്യ ക്യാമ്പ് നീക്കംചെയ്യാനും സമരം അവസാനിപ്പിക്കാനും തീരുമാനിച്ചു.
ഇസ്രായേൽ കമ്പനികളുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയ യൂനിവേഴ്സിറ്റി അധികൃതർ, ഫലസ്തീനി വിദ്യാർഥികൾക്ക് സൗജന്യപഠനത്തിനുള്ള അവസരം ഒരുക്കുമെന്നും അറിയിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വവിരുദ്ധ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ നടപ്പാക്കണമെന്നും യൂനിവേഴ്സിറ്റി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യൂനിവേഴ്സിറ്റി മാനേജ്മെൻറും പ്രതിഷേധക്കാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പിലെത്തിയത്. അധിനിവേശ ഫലസ്തീനിൽ പ്രവർത്തിക്കുന്നതും യു.എൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതുമായ ഇസ്രായേലി കമ്പനികളുമായുള്ള ബന്ധമാണ് ആദ്യഘട്ടത്തിൽ വിച്ഛേദിക്കുക. ഈ നടപടികൾ ജൂണിൽ പൂർത്തിയാകുമെന്ന് യൂനിവേഴ്സിറ്റി അറിയിച്ചു. അടുത്ത ഘട്ടത്തിൽ മറ്റു മുഴുവൻ ഇസ്രായേലി കമ്പനികളുമായുള്ള ഇടപാടിൽനിന്നും പിന്മാറും. ഇതിനായി ഒരു കർമസമിതി രൂപവത്കരിച്ചിട്ടുണ്ട്. നിലവിൽ ഒരു ഇസ്രായേലി കമ്പനിയുമായുള്ള ഇടപാട് കരാർ വ്യവസ്ഥകൾ അനുസരിച്ച് 2025 മാർച്ച് വരെ തുടരുമെന്നും യൂനിവേഴ്സിറ്റി അറിയിച്ചു.
യൂനിവേഴ്‌സിറ്റിയുടെ തീരുമാനം താഴെത്തട്ടിലുള്ള വിദ്യാർഥികളുടെയും ജീവനക്കാരുടെയും കെട്ടുറപ്പിന്റെ തെളിവാണെന്ന് യൂനിവേഴ്സിറ്റി സ്റ്റുഡൻറ് യൂണിയൻ പ്രസിഡൻറും പ്രതിഷേധങ്ങളുടെ സംഘാടകനുമായ ലാസ്ലോ മോൾനാർഫി പറഞ്ഞു. “പതിറ്റാണ്ടുകളോളം ചിലപ്പോൾ ഒന്നും സംഭവിക്കാതിരിക്കാം. എന്നാൽ, പതിറ്റാണ്ടുകൾകൊണ്ട് സംഭവിക്കേണ്ട കാര്യങ്ങൾ ചിലപേപാൾ വെറും ആഴ്ചകൾകൊണ്ടും സംഭവിക്കാം. ഇസ്രായേലുമായുള്ള ബന്ധം വിേച്ഛദിക്കാൻ ട്രിനിറ്റി കോാളജ് 5 ദിവസമാണ് എടുത്തത്’ -അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
What a privilege to meet with the brilliant student and faculty organizers at Trinity on the day of this historic victory. Thank you @TrinityBDS and @AfPTrinity for leading the way! #BDS #AcademicBoycottNow https://t.co/7g6w4QG2Qa
— Maya Wind (@mayaywind) May 8, 2024
‘ഞങ്ങളുടെ കാമ്പസിൽ നടക്കുന്ന ക്യാംപ് സമരത്തിന് പിന്നിലെ ചേതോവികാരം പൂർണ്ണമായി മനസ്സിലാക്കുന്നു. ഗസ്സയിലെ സംഭവവികാസങ്ങളിൽ ഉത്കണ്ഠപ്പെടുന്ന വിദ്യാർഥികളോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഒക്‌ടോബർ 7ലെ ക്രൂരതയെയും ബന്ദികളാക്കിയതിനെയും ഗസ്സയിൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങളെയും യുദ്ധങ്ങളെയും ഞങ്ങൾ വെറുക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയും അവിടുത്തെ ജനങ്ങളോടുള്ള മനുഷ്യത്വരഹിതമായ സമീപനത്തെയും അപലപിക്കുന്നു. ഗസ്സ മുനമ്പിൽ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിലപാടിനെ ഞങ്ങൾ പിന്തുണക്കുന്നു. മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ശാശ്വതമായ പരിഹാരം കണ്ടെത്തണം’ -യൂനിവേഴ്സിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വീ ആർ നോട്ട് നമ്പേഴ്‌സ് (WANN) എന്ന ഫലസ്തീനി സന്നദ്ധ സംഘടനയുമായി ചേർന്ന് ഗസ്സയിലെ വിദ്യാർഥികൾക്ക് പൂർണസൗജന്യമായി ട്രിനിറ്റി കോളജിൽ പഠനം നടത്താൻ അവസരം ഒരുക്കും. ഇവർക്ക് ഹോസ്റ്റൽ താമസവും സൗജന്യമാണ്. ഇതിനകം ആറ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും രണ്ട് ബിരുദവിദ്യാർഥികൾക്കുമുള്ള പ്രവേശനനടപടി പൂർത്തിയായി. സ്കൂൾ ഓഫ് ബിസിനസ്, സ്കൂൾ ഓഫ് ലോ, സ്കൂൾ ഓഫ് മെഡിസിൻ, സ്കൂൾ ഓഫ് ലാംഗ്വേജസ്, ലിറ്ററേച്ചേഴ്സ് & കൾച്ചറൽ സ്റ്റഡീസ്, സ്കൂൾ ഓഫ് ലിംഗ്വിസ്റ്റിക്, സ്പീച്ച് & കമ്മ്യൂണിക്കേഷൻ സയൻസസ്, സ്കൂൾ ഓഫ് ഫാർമസി ആൻഡ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, ഇൻറർനാഷണൽ ഫൗണ്ടേഷൻ പ്രോഗ്രാം എന്നീ പഠനവകുപ്പുകളിലാണ് ഇവർക്ക് പ്രവേശനം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.