പ്രാർഥനകൾ വിഫലം; ടൈറ്റൻ അന്തർവാഹിനി പൊട്ടിത്തെറിച്ചതായി സ്ഥിരീകരണം; അഞ്ചു യാത്രികരും മരിച്ചു

കടലിന്റെ ആഴങ്ങളിൽ ആണ്ടുപോയ ടൈറ്റാനിക് കപ്പൽ കാണാൻപോയ അഞ്ചു യാത്രികരും മരിച്ചതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ സമ്മർദത്തിൽ പൊട്ടിത്തെറിച്ചതായി സ്ഥിരീകരണം.

ടൈറ്റാനിക് കപ്പലിന്‍റെ സമീപത്തുനിന്ന് വ്യാഴാഴ്ച ടൈറ്റൻ പേടകത്തിന്‍റെ അവശിഷ്ടങ്ങൾ അമേരിക്കൻ തീര സംരക്ഷണ സേന കണ്ടെത്തിയിരുന്നു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ മുൻഭാഗം ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയത്. പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ ലഭിക്കുകയായിരുന്നു.

Full View

കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ പേടകം ഉൾവലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് സംഘം. കടലിന്റെ അടിത്തട്ടിലുള്ള തിരച്ചിൽ‍ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങള്‍ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും തീര സംരക്ഷണ സേന അറിയിച്ചു. എന്നാൽ, മൃതദേഹങ്ങൾ കണ്ടെടുക്കുക ഏറെ ദുഷ്കരമാണ്. ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാർഡിങ്, ടൂറിസം പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓഷ്യൻ ഗേറ്റ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൺ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ ഹെന്റി നർജിയോലെറ്റ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

കാനഡയിലെ ന്യൂഫൗണ്ട്‍ലാൻഡ് തീരത്തുനിന്ന് 600 കിലോമീറ്റർ അകലെ കടലിനടിയിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ ഞായറാഴ്ച രാവിലെ യാത്ര പുറപ്പെട്ട് 45 മിനിറ്റിനുശേഷം അന്തർവാഹിനിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. യു.എസ് കോസ്റ്റ്ഗാർഡിന്റെയും ‘ടൈറ്റൻ’ ഉടമകളായ ഓഷ്യൻ ഗേറ്റിന്റെയും കണക്കുകൂട്ടലനുസരിച്ച് വ്യാഴാഴ്ച വൈകീട്ട് 5.30 വരെ (ഇന്ത്യൻ സമയം) മാത്രമെ അന്തർവാഹിനിയിൽ ഓക്സിജൻ അവശേഷിക്കുന്നുണ്ടായിരുന്നുള്ളു. 3800 മീറ്റർ താഴ്ചയിലേക്ക് താഴ്ന്നുപോയെന്ന് കരുതുന്ന ജലയാനം കണ്ടെത്താൻ കൂടുതൽ ആഴത്തിലും വ്യാപ്തിയിലുമാണ് തിരച്ചിൽ നടത്തിയിരുന്നത്.

Full View

ഇതിനിടെ അരമണിക്കൂർ ഇടവിട്ട് അന്തർവാഹിനിയിൽനിന്ന് ശബ്ദം കേൾക്കുന്നത് പ്രതീക്ഷക്ക് വകനൽകിയിരുന്നു. അന്തർവാഹിനി ദുരന്തങ്ങളിൽ ഉപരിതലവുമായി ആശയവിനിമയം നടത്താൻ ഇടിശബ്ദങ്ങൾ പതിവാണ്. കാനഡയുടെ പി 3 ഓറിയോൺ വിമാനത്തിലെ ശബ്ദമാപിനിയാണ് തരംഗങ്ങള്‍ പിടിച്ചെടുത്തത്. തുടർന്ന് റോബോട്ടിനെ അയച്ചെങ്കിലും ദൗത്യം ഫലം കണ്ടില്ല. ഇതിനിടെയാണ് ടൈറ്റാനിക് കപ്പലിന്‍റെ സമീപത്തുനിന്നു പേടകത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. 

Full View


Tags:    
News Summary - Submersible destroyed in ‘catastrophic implosion’ during descent; all five aboard dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.