ബ്രൂണെ: ബ്രൂണെയ്ക്ക് ആഘോഷമായി സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍ക്കിയയുടെ മകള്‍ ഫദ്‌സില്ല ലുബാബുള്‍ രാജാകുമാരിയുടെ വിവാഹം. ജനുവരി 23നാണ് രാജകുമാരി കാമുകനായ അബ്ദുള്ള നബീൽ അല്‍ ഹാഷ്മിയെ വിവാഹം ചെയ്തത്. സുല്‍ത്താന്റെ രണ്ടാം ഭാര്യ ഹാജ മറിയമിന്‍റെ മകളാണ് ഫദ്‌സില്ല. ജനുവരി 16ന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന വിപുലമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. സുൽത്താന്‍റെ 12 മക്കളിൽ ഒമ്പതാമത്തെയാളാണ് രാജകുമാരി. 'സ്പോർട്ടി രാജകുമാരി' എന്നാണ് ഇവർ അറിയപ്പെടുന്നത്.
സോഷ്യല്‍ മീഡിയയില്‍ താരമായ മതീന്‍ രാജകുമാരനുള്‍പ്പെടെ നാല് മക്കളാണ് സുല്‍ത്താന് ഹാജ മറിയമിലുള്ളത്. പ്രിൻസ് മതീൻ തന്റെ മൂത്ത സഹോദരിക്ക് വിവാഹ ആശംസകൾ നേരുകയും വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.
സുൽത്താന്റെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുൽ ഇമാനിൽ വച്ചാണ് വിവാഹം നടന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ ഒന്നാണിത്, 1,700-ലധികം മുറികളും 5,000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വിരുന്നു ഹാളും കൊട്ടാരത്തിലുണ്ട്.വിവാഹത്തിലെ പ്രധാന ചടങ്ങുകളിലൊന്ന് രാജ്യത്തെ ഒമർ അലി സൈഫുദ്ദീൻ പള്ളിയിലും നടന്നു.
രാജകുടുംബത്തില്‍ തലമുറകളായ കൈമാറി വന്ന ആഭരണങ്ങൾ അണിഞ്ഞുകൊണ്ടാണ് ഫദ്സില്ല വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത്.ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ 75 ആം സ്ഥാനത്താണ് ബ്രൂണെ സുല്‍ത്താൻ. സുല്‍ത്താന്റെ ആഡംബര വാഹന ശേഖരങ്ങളുടേയും കോടികള്‍ വിലമതിക്കുന്ന കൊട്ടാരത്തിന്റേയും വിശേഷങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്.2008ല്‍ ഫോബ്സ് മാസിക നടത്തിയ കണക്കെടുപ്പു പ്രകാരം സുല്‍ത്താന്റെ ആസ്തി 20 ബില്യണ്‍ ഡോളറാണ്. ഏഴായിരത്തിലധികം കാറുകളും ഇതിലുള്‍പെടുന്നു.
രാജകുമാരിയുടെ പ്രണയം
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ സുൽത്താൻ ഹസ്സനൽ ബോൾകിയയുടെ (75) മകൾ ഫദ്‌സില്ലാ ലുബാബുൾ (36) തന്‍റെ വരനെ കണ്ടെത്തിയത് നാടോടിക്കഥപോലെ ഉദ്വേഗജനകമായ സംഭവങ്ങളിലൂടെയാണ്. തന്റെ പിതാവിന്റെ ഓഫീസിലെ ജീവനക്കാരനും സാധാരണക്കാരനായ ബിസിനസുകാരന്റെ മകനുമായ അബ്ദുള്ള നബീൽ അല്‍ ഹാഷ്മിയെയാണ് രാജകുമാരി വിവാഹം കഴിച്ചത്. ബ്രൂണെയുടെ ദേശീയ നെറ്റ്‌ബോൾ ടീമിന്റെ ക്യാപ്റ്റനും ആരോഗ്യ പ്രവർത്തകയും കിംഗ്‌സ്റ്റൺ സർവകലാശാലയിൽ നിന്നുള്ള ബിരുദധാരിയുമാണ് രാജകുമാരി. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് രാജകുമാരി നബീലിനെ വരനായി സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.