ഇസ്‍തംബൂൾ: തുർക്കി-സിറിയ ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടവർ നാലാംദിവസവും കടുത്ത തണുപ്പിൽ തന്നെ കഴിഞ്ഞു. തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 21,500 കടന്നിരിക്കുകയാണ്.തുർക്കിയിൽ മാത്രം 18,342 പേരുടെ ജീവൻ നഷ്ടമായി.സിറിയയിൽ 3,377 ആളുകൾ മരിച്ചുവെന്നാണ് കണക്ക്. തുർക്കിയിൽ 1999ലുണ്ടായ ഭൂകമ്പത്തിൽ 18,000 പേരുടെ ജീവനാണ് നഷ്ടമായിരുന്നത്. അതും മറികടന്നിരിക്കുകയാണ്.
അഭയവും വെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതമനുഭവിക്കുകയാണ് ആളുകൾ. തുർക്കിയിലും സിറിയയിലും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇത് മറ്റൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിദഗ്ധ സംഘവുമായി സിറിയയിലേക്ക് തിരിച്ചിട്ടുണ്ട്. സിറിയയിൽ അവശ്യ ആരോഗ്യ സംവിധാനം ലഭ്യമാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
ദുരിതബാധിതർക്കായി യു.എൻ സഹായം അനുവദിച്ചിട്ടുണ്ട്. സിറിയയിലേക്കുള്ള സഹായവുമായി ആറ് ലോറികൾ തുർക്കി അതിർത്തി കടന്നു. ദുരിതബാധിതരെ സഹായിക്കാനായി ബ്രിട്ടീഷ് ചാരിറ്റികൾ ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്.
ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ചികിത്സിക്കുന്ന ഡോക്ടർമാർ മെഡിക്കൽ സഹായത്തിനായി മറ്റ് രാജ്യങ്ങളോട് അഭ്യർഥന തുടരുകയാണ്. നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ദുരന്തമെന്നാണ് തുർക്കി പ്രസിഡന്റ് ഭൂകമ്പത്തെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.