അങ്കാറ: തുർക്കിയ വിദേശകാര്യ സമിതി ചൊവ്വാഴ്ച അംഗീകാരം നൽകിയതോടെ നാറ്റോ അംഗീകാരത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് സ്വീഡൻ. തുർക്കിയ പാർലമെന്‍റ് ജനറൽ അസംബ്ലി കൂടി ഇതിന് അംഗീകാരം നൽകേണ്ടതുണ്ട്. ഇതിനുള്ള തീയതി തീരുമാനിച്ചിട്ടില്ല. രാജ്യസുരക്ഷക്ക് ഭീഷണിയായവരെ അനുകൂലിക്കുന്നുവെന്നാരോപിച്ച് സ്വീഡന്റെ നാറ്റോ അംഗത്വ അപേക്ഷക്ക് ഒരു വർഷത്തിലേറെയായി തുർക്കിയ പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നു. കുർദ് റെബലുകളെ സ്വീഡൻ അനുകൂലിച്ചതാണ് തുർക്കിയയെ ചൊടിപ്പിച്ചിരുന്നത്. 2016ൽ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെതിരായ അട്ടിമറി നീക്കം നടത്തിയത് കുർദുകളാണെന്നാണ് ആരോപണം.
സ്വീഡന്‍റെ നാറ്റോ അംഗീകാരം തുർക്കിയ വിദേശകാര്യ സമിതി കഴിഞ്ഞ മാസമാണ് ചർച്ചക്കെടുത്തത്. കൂടുതൽ വ്യക്തത ആവശ്യമുണ്ടെന്നുപറഞ്ഞ് അംഗീകാരം നൽകാതെ നീട്ടി. സ്വീഡന്‍റെ നിലപാടുകൾ പക്വമാകേണ്ടതുണ്ടെന്ന് ഉന്നയിച്ചായിരുന്നു നിഷേധം. ഇതാണ് ചൊവ്വാഴ്ച വീണ്ടും ചേർന്ന് അംഗീകാരത്തിന് തീരുമാനമെടുത്തത്.
ചർച്ചയിൽ ഭൂരിപക്ഷവും സ്വീഡന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. തുർക്കിയയുടെ സുരക്ഷയുൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചത് മാനിച്ചാണ് നടപടിയെന്ന് തുർക്കിയ വിദേശകാര്യ മന്ത്രി ബുറാഖ് അകപർ പറഞ്ഞു. എല്ലാ ആവശ്യങ്ങളും ഒരുമിച്ച് നിറവേറ്റുമെന്ന് പ്രതീക്ഷയില്ല. തുർക്കി സ്വീഡനെ നിരന്തരമായി നിരീക്ഷിക്കുമെന്ന് ബുറാഖ് കൂട്ടിച്ചേർത്തു. സ്വീഡന്‍ വിദേശകാര്യ മന്ത്രി തോബിയാസ് ബിൽസ്റ്റോം തീരുമാനം സ്വാഗതം ചെയ്തതായി എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.