സ്റ്റോക്ഹോം: ഖുർആൻ പ്രതികൾ കത്തിക്കാനുള്ള തീവ്ര വലത് സംഘങ്ങളുടെ ശ്രമത്തെ തുടർന്ന് സ്വീഡനിൽ കലാപം. പ്രതിഷേധ റാലി അക്രമത്തിലേക്ക് വഴിമാറിയ നോർകോപിങ്, ലിങ്കോപിങ് നഗരങ്ങളിലാണ് വെള്ളിയാഴ്ച മുതൽ വലിയതോതിൽ കലാപം അരങ്ങേറുന്നത്. കുടിയേറ്റ വിരുദ്ധ, ഇസ്ലാം വിരുദ്ധ രാഷ്ട്രീയ പാർട്ടിയായ 'സ്ട്രാം കുർസി'ന്റെ നേതാവ് റാസ്മസ് പാലുഡൻ ഖുർആൻ കത്തിച്ച് കൊണ്ട് തുടക്കമിട്ട റാലിയെ തുടർന്നാണ് ഇരു നഗരങ്ങളിലും കലാപം പടർന്നത്.
തലസ്ഥാനമായ സ്റ്റോക്ഹോമിന്റെ പ്രാന്തപ്രദേശമായ റിങ്കിബെ, തെക്കൻ മേഖലയിലെ മൽമോ, പടിഞ്ഞാറൻ പട്ടണമായ ഒറിബ്രോ എന്നിവിടങ്ങളിലും അക്രമം അരങ്ങേറുന്നുണ്ട്. ഞായറാഴ്ച നോർകോപിങ്ങിൽ കലാപകാരികൾക്ക് നേരെ പൊലീസ് നടത്തിയ മുന്നറിയിപ്പ് വെടിവെപ്പിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
നാലു ദിവസമായി അരങ്ങേറുന്ന അക്രമങ്ങളിൽ ഇരു നഗരങ്ങളിലുമായി 40ലേറെ പേരെ അറസ്റ്റ് ചെയ്തതായി സ്വീഡിഷ് പൊലീസ് അറിയിച്ചു. നോർകോപിങ്ങിൽ 150ലേറെ വരുന്ന കലാപകാരികൾ പൊലീസിനു നേരെ കല്ലെറിയുകയും കാറുകൾ കത്തിക്കുകയും ചെയ്തു. ലിങ്കോപിങ്ങിൽ നടന്ന അക്രമങ്ങളിൽ പരിക്കേറ്റ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിന് പുറമെ, മൽമോ നഗരത്തിൽ അക്രമികൾ ബസുൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കത്തിച്ചു. തീ പടരും മുമ്പ് പുറത്തിറങ്ങിയതിനാലാണ് ബസിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
അക്രമത്തെ അപലപിച്ച സൗദി അറേബ്യ, വിശുദ്ധ ഖുർആനെ അവഹേളിക്കാനും മുസ്ലിംകളെ പ്രകോപിപ്പിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് പറഞ്ഞു. ഇറാനും ഇറാഖും തങ്ങളും സ്വീഡിഷ് അംബാസഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ഡെന്മാർക്-സ്വീഡിഷ് രാഷ്ട്രീയ നേതാവും കടുത്ത വംശീയവാദിയുമായ റാസ്മസ് പാലുഡനെ വംശീയ കുറ്റകൃത്യങ്ങളുടെ പേരിൽ 2020ൽ ഡെന്മാർക് ഒരു മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന സ്വീഡിഷ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമം തുടങ്ങിയ പാലുഡന്, സ്ഥാനാർഥിയാകാനാവശ്യമായത്ര ഒപ്പുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.