ഡമസ്കസ്: സിറിയയെ ശരിക്കും പ്രേതഭൂമിയാക്കി 13 വർഷം നീണ്ട ആഭ്യന്തരയുദ്ധംമൂലം മറ്റു രാജ്യങ്ങളിൽ അഭയം തേടേണ്ടിവന്ന അനേക ലക്ഷങ്ങൾക്ക് തിരിച്ചുവരവിന് അവസരമൊരുക്കുന്നതുകൂടിയാണ് ബശ്ശാർ യുഗാന്ത്യം. 2011ൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിൽ അഞ്ചു ലക്ഷം പേർ കൊല്ലപ്പെട്ടപ്പോൾ 1.3 കോടി പേരാണ് നാടുവിട്ടത്. 2024ലെ കണക്കുകൾ പ്രകാരം അവരിൽ 74 ലക്ഷം പേർ ഇപ്പോഴും അഭയാർഥികളായി കഴിയുകയാണ്. ഇതിൽ 49 ലക്ഷവും അയൽ രാജ്യങ്ങളിലാണ്. തുർക്കി, ലബനാൻ, ജോർഡൻ, ഇറാഖ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതലുള്ളത്. തുർക്കി 31 ലക്ഷം, ലബനാൻ 7,74,000, ജർമനി 7,17,000, ജോർഡൻ 6,28,000, ഇറാഖ് 2,86,000, ഈജിപ്ത് 1,56,500, ഓസ്ട്രിയ 98,000, സ്വീഡൻ 87,000, നെതർലൻഡ്സ് 65,500, ഗ്രീസ് 51,000 എന്നിങ്ങനെയാണ് കണക്കുകൾ.
ഏറ്റവും കൂടുതൽ പേരുള്ള തുർക്കി ഇവർക്ക് പൗരത്വം നൽകിയില്ലെങ്കിലും മറ്റ് ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. ലബനാനിൽ ഔദ്യോഗികമായി ഏഴര ലക്ഷത്തിലേറെയാണെങ്കിലും രേഖപ്പെടുത്താത്തവർ കൂടി ചേരുമ്പോൾ 15 ലക്ഷം വരും. അഥവാ, രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നും സിറിയൻ അഭയാർഥികളാണ്. കൂട്ടമായി അഭയം നൽകി അംഗല മെർകൽ ആണ് ജർമനിയെ സിറിയൻ അഭയാർഥികളുടെ ഇഷ്ട താവളമാക്കിയത്.
അടുത്തിടെ വിവിധ വിമതകക്ഷികൾ പല ഭാഗങ്ങളിലും പിടിമുറുക്കുകയും ബശ്ശാറിന് നിയന്ത്രണം കുറയുകയും ചെയ്തതോടെ അയൽരാജ്യങ്ങളിൽനിന്ന് തിരികെ പോക്ക് തുടങ്ങിയത് സമീപനാളുകളിൽ കൂടുതൽ ശക്തമായതായാണ് കണക്കുകൾ. 2024ലെ ആദ്യ എട്ട് മാസങ്ങളിൽ 34,000 പേർ സിറിയയിൽ തിരിച്ചെത്തിയിരുന്നു. അതിനാണ് ഇപ്പോൾ കൂടുതൽ തീവ്രത കൈവന്നിരിക്കുന്നത്. എന്നാൽ, ഏറെ പേരും അനിശ്ചിതത്വം നിലനിൽക്കുന്ന മാതൃരാജ്യത്തേക്ക് ഉടനൊന്നും മടങ്ങിയേക്കില്ല.
നൂറുകണക്കിന് അഭയാർഥികൾ തുർക്കിയുടെ ദക്ഷിണ മേഖലയിലെ രണ്ട് അതിർത്തികളിൽ എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. സിൽവെഗോസു, ഒൻകുപിനാർ അതിർത്തി ഗേറ്റുകൾവഴിയാണ് മടക്കം.
ഗസ്സ: അയൽരാജ്യമായ സിറിയയിൽ കൂട്ട ആക്രമണത്തിനിടെയും ഗസ്സയിൽ കുരുതി തുടർന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ വീടിനു മേൽ ബോംബിട്ട് ഒരു സ്ത്രീയും മൂന്നു കുട്ടികളുമടക്കം ഏഴുപേരെ കൊലപ്പെടുത്തി. ഫലസ്തീനി ഫുട്ബാളർ മുഹമ്മദ് ഖലീഫയും കൊല്ലപ്പെട്ടവരിൽ പെടും. ചൊവ്വാഴ്ച രാവിലെയായിരുന്നു ആക്രമണം. ഒരാൾക്ക് പരിക്കുണ്ട്.
പരിസരത്തെ കെട്ടിടങ്ങൾക്കും കാര്യമായ കേടുപാടുകൾ പറ്റി. മറ്റിടങ്ങളിലും ഇസ്രായേൽ ബോംബിങ് തുടർന്നു. 24 മണിക്കൂറിനിടെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് വടക്കൻ ഗസ്സയിൽ അഭയാർഥികൾ കഴിഞ്ഞ കെട്ടിടത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ബൈത് ലാഹിയയിലെ കുടുംബം താമസിച്ച കെട്ടിടമാണ് തകർക്കപ്പെട്ടത്. ഇവരിൽ കുട്ടികളും സ്ത്രീകളുമുണ്ട്. ഗസ്സയിൽ 44,758 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.