അങ്കാറ: ഭൂകമ്പമുണ്ടായി അഞ്ചുദിവസത്തിനുശേഷവും തുർക്കിയയിലും സിറിയയിലും അത്ഭുതകരമായ രക്ഷപ്പെടുത്തലുകൾ തുടരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെയും കൊടുംശൈത്യം അതിജീവിച്ചും ദിവസങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ പിടിച്ചുനിന്നാണ് നിരവധിപേർ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനകം 67 പേരെയാണ് തുർക്കിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തിയതെന്ന് വൈസ് പ്രസിഡന്റ് ഫുആദ് ഒക്തേ പറഞ്ഞു.
അഞ്ചുദിവസത്തിനുശേഷം രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയിരുന്നു. ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലാണ് 70കാരിയായ മെനെക്സെ തബകിനെ രക്ഷിച്ചത്. കഹ്റാമൻമാരാസ് പ്രവിശ്യയിൽ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ദക്ഷിണ തുർക്കിയയിലെ ഏറ്റവും വലിയ നഗരമായ ദിയാർബകിറിൽ കെട്ടിടാവശിഷ്ടങ്ങളിൽനിന്നാണ് മസല്ല സിസെക്ക് എന്ന 55കാരിയെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.
തുർക്കിയയിൽ 10.5 ലക്ഷം പേർക്കാണ് വീട് നഷ്ടമായതെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. 80,000 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഭൂകമ്പമുണ്ടായ പത്ത് പ്രവിശ്യകളിലായി 31,000 പേരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതിനിടെ, ഭൂകമ്പബാധിത മേഖലകളിൽ കൊള്ളയടിയും കവർച്ചയും വ്യാപകമാണെന്നും റിപ്പോർട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അക്രമികളെ കർശനമായി കൈകാര്യം ചെയ്യുമെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി.
അതേസമയം, രക്ഷാപ്രവർത്തനങ്ങളിലെ വേഗതക്കുറവും വീഴ്ചയും ചൂണ്ടിക്കാട്ടി ഉർദുഗാനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഭൂകമ്പബാധിത മേഖലകളിൽ ജനങ്ങൾ അതിരൂക്ഷമായി പ്രതികരിക്കുന്നുണ്ട്. ഭക്ഷണംപോലും ലഭ്യമാകുന്നില്ലെന്ന പരാതിയുമുണ്ട്. 20 വർഷമായി അധികാരത്തിൽ തുടരുന്ന ഉർദുഗാന് മൂന്നുമാസത്തിനകം തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഭൂകമ്പം കനത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.