ബാങ്കോക്: തായ്ലൻഡിൽ ഏറെയായി സൈനിക പിന്തുണയോടെ അധികാരം നിലനിർത്തിയ ഭരണപക്ഷത്തിന് പൊതുതെരഞ്ഞെടുപ്പിൽ തോൽവി. ഫ്യൂ തായ്, മൂവ് ഫോർവേഡ് പാർട്ടി എന്നീ പ്രതിപക്ഷ കക്ഷികളാണ് ഇത്തവണ മികച്ച ജയം പിടിച്ചത്. ഇരുവരും ചേർന്ന് സഖ്യസർക്കാറുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സൈന്യം പിന്തുണച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് വിജയമുണ്ടായിട്ടും പ്രതിപക്ഷ സഖ്യത്തിന് സർക്കാർ രൂപവത്കരണം കീറാമുട്ടിയാകും. കഴിഞ്ഞ 20 വർഷത്തിനിടെ രണ്ടുതവണ സൈനിക അട്ടിമറി നടന്ന രാജ്യമാണ് തായ്ലൻഡ്. കോടതികൾ ഇടപെട്ട് മൂന്നു പ്രധാനമന്ത്രിമാരെ പുറത്താക്കുകയും നിരവധി പ്രതിപക്ഷ കക്ഷികളെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ രൂപവത്കരണത്തിന് പ്രതിപക്ഷ നീക്കം.
ആറു കക്ഷികൾ ചേർന്ന പ്രതിപക്ഷം അധോസഭയിൽ 300ലേറെ സീറ്റുകൾ ഉറപ്പാക്കിയിട്ടുണ്ട്. 500 അംഗ സഭയിൽ മൂവ് ഫോർവേഡ് 151 സീറ്റുകൾ നേടിയപ്പോൾ രണ്ടാമത്തെ കക്ഷിയായ ഫ്യൂ തായ് 141 സീറ്റും നേടി. സൈനിക അട്ടിമറിയിലൂടെ 2014ൽ അധികാരം പിടിച്ച പ്രയുത് ചാൻ ഒച്ചുയുടെ ഭരണമുന്നണി ഇത്തവണ 15 ശതമാനം സീറ്റുകൾ മാത്രമാണ് നേടിയത്.
എന്നാൽ, അധോസഭയിൽ സമ്പൂർണ വാഴ്ച ഉറപ്പാക്കാനായെങ്കിലും തെരഞ്ഞെടുപ്പില്ലാതെ നാമനിർദേശം വഴിയുള്ള 250 അംഗ സെനറ്റിൽ പ്രതിപക്ഷത്തിന് ഇപ്പോഴും കാര്യമായ പങ്കില്ലാത്തത് വിനയാകും. ഇവിടെ സൈനികരെ പിന്തുണക്കുന്നവർക്കാണ് മഹാഭൂരിപക്ഷം. ഇതോടൊപ്പം, സൈനിക ഇടപെടൽ വഴി സാങ്കേതിക കാരണങ്ങൾ നിരത്തി മൂവ് ഫോർവേഡ് കക്ഷിയെ നിരോധിക്കാനും സാധ്യത കാണുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.