കുവൈത്തിനെതിരായ യൂറോപ്യൻ പ്രസ്താവന അറബ് പാർലമെന്റ് തള്ളി

കുവൈത്ത് സിറ്റി: കുവൈത്തിനെതിരായ യൂറോപ്യൻ യൂനിയൻ പ്രസ്താവനക്കും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾക്കുമെതിരെ അറബ് പാർലമെന്റ്.രണ്ടിനെയും നിരസിച്ച അറബ് പാർലമെന്റ് അംഗങ്ങൾ കുവൈത്തിന് പൂർണ പിന്തുണ അറിയിച്ചു. കമ്മിറ്റി യോഗത്തിനൊടുവിൽ അറബ് പാർലമെന്റിന്റെ രാഷ്ട്രീയ, വിദേശകാര്യ, ദേശീയ സുരക്ഷാ സമിതി അംഗവും കുവൈത്ത് എം.പിയുമായ മുഹമ്മദ് അൽ ഹുവൈല ഇക്കാര്യം വ്യക്തമാക്കി.

പുറം ഇടപെടലുകൾ ഇല്ലാതാക്കുന്നതിനും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതിനുമായി കുവൈത്ത് സ്വീകരിക്കുന്ന നടപടികളെ അറബ് പാർലമെന്റ് പൂർണ്ണമായി പിന്തുണയ്ക്കുന്നതായും ഇത് സംബന്ധിച്ച പ്രസ്താവന രൂപപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ശനിയാഴ്ചത്തെ പ്ലീനറി സെഷനിൽ അറബ് പാർലമെന്റിലെ എം.പിമാരുടെ അംഗീകാരവും പിന്തുണയും കമ്മിറ്റിയുടെ പ്രസ്താവനയ്ക്ക് ലഭിക്കുമെന്നും ഹുവൈല കൂട്ടിച്ചേർത്തു.

കുവൈത്ത് ജുഡീഷ്യറിയുടെ ശരിയായ നിലപാടും, അതിന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കേണ്ടതിന്റെ ആവശ്യകതയെയും ഇത് ചൂണ്ടികാണിക്കുന്നു.മനുഷ്യാവകാശ മേഖലയിൽ കുവൈത്തിന്റെ നീതിപൂർവമായ നിലപാടുകൾക്ക് അറബ് പാർലമെന്റിന്റെയും, അറബ് പാർലമെന്ററി നയതന്ത്രത്തിന്റെയും പിന്തുണയുണ്ടെന്നും ഹുവൈല പറഞ്ഞു.

ലോകത്തിലെ 36 രാജ്യങ്ങളുമായി ഷെങ്കൻ വിസ കരാറുകൾ യൂറോപ്യൻ യൂണിയന് ഉണ്ട്. ഇതിൽ 24 രാജ്യങ്ങളിൽ വധശിക്ഷ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയന്റെ കുവൈത്ത് വിരുദ്ധ പ്രസ്താവനകളിൽ ആശ്ചര്യം പ്രകടിപ്പിച്ച ഹുവൈല, കുവൈത്തിന്റെ ഇതുവരെയുള്ള മനുഷ്യാവകാശ നടപടികളിലും എല്ലാവരുമായുള്ള നല്ല ബന്ധത്തിൽ അഭിമാനമുണ്ടെന്നും വ്യക്തമാക്കി.

ഇത്തരം സാഹചര്യത്തിൽ, അറബ് പാർലമെന്റിന്റെ പ്രാധാന്യവും ശക്തമായ നിലപാടുകളും ഹുവൈല സൂചിപ്പിച്ചു. മേഖലയിൽ വിശാലമായ ഏകോപനത്തിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടികാട്ടി.ഏഴുപേരുടെ വധ ശിക്ഷ നടപ്പാക്കിയതിന് പിറകെ കുവൈത്തിനെതിരെ യൂറോപ്യൻ യൂനിയൻ രംഗത്തെത്തിയിരുന്നു. യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് മാർഗരിറ്റിസ് ഷിനാസ് കുവൈത്തിന്റെ നടപടിയെ ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന് പിറകെ കുവൈത്തിന് ഷെങ്കൻ വിസ അനുവദിക്കുന്ന വോട്ടെടുപ്പ് യൂറോപ്യൻ പാർലമെന്റ് മാറ്റിവെക്കുകയുമുണ്ടായി. 

Tags:    
News Summary - The Arab Parliament rejected the European statement against Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.