ഉറങ്ങാൻ ഞങ്ങൾക്കൊരു വീടുണ്ടായിരുന്നു; ഇപ്പോൾ തെരുവിലാണ് അഭയം -യുദ്ധം താറുമാറാക്കിയ ജീവിതത്തെ കുറിച്ച് ഗസ്സയിലെ മാധ്യമപ്രവർത്തക വിവരിക്കുന്നു

ഇക്കഴിഞ്ഞ മേയ് 24നാണ് ബേസൻ ഇമാദ് മുഹമ്മദ് അൽ മബ്ഹൂഹ് മൂന്ന് മക്കളടങ്ങുന്ന കുടുംബത്തിനൊപ്പം സ്വന്തം വീടൊഴിഞ്ഞത്. 24 മണിക്കൂറിനകം വീടൊഴിയണമെന്ന് ഇസ്രായേലിന്റെ നോട്ടീസ് ലഭിച്ചതോടെയാണ് അവർക്ക് കിടപ്പാടം ഉപേക്ഷിക്കേണ്ടി വന്നത്. ഇപ്പോഴും താമസിക്കാൻ ഒരു ടെന്റ് കണ്ടെത്താൻ അവർക്ക് സാധിച്ചിട്ടില്ല. അതിനാൽ കുഞ്ഞുങ്ങൾക്കൊപ്പം തെരുവിലാണ് ഉറക്കം.

31കാരിയായ ബേസൻ ട്രാൻസലേറ്ററും മാധ്യമപ്രവർത്തകയുമാണ്. ഗസ്സയിലെ ദൈറുൽ ബലാഹ് ആണ് ബേസന്റെ സ്വദേശം. വടക്കൻ ഗസ്സയിൽ യുദ്ധം തുടങ്ങിയപ്പോഴും ഒരിക്കലും അത് റഫയിലേക്ക് എത്തുമെന്ന് അവരൊന്നും പ്രതീക്ഷിച്ചിരുന്നില്ല. വളരെ സുരക്ഷിതമായ സ്ഥലമായിരുന്നു അവരെ സംബന്ധിച്ച് റഫ. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഇസ്രായേൽ സൈന്യം 24 മണിക്കൂറിനകം വീടൊഴിയണമെന്ന് ആവശ്യപ്പെട്ടത്. മേയ് അഞ്ചിന് കൈയിൽ കരുതാവുന്ന കുറച്ചു സാധനങ്ങളുമായി ആ കുടുംബം വീടുവിട്ടിറങ്ങി. യുദ്ധം എന്നെങ്കിലും അവസാനിച്ചാൽ തിരിച്ച് വീട്ടിലേക്ക് വരാമല്ലോ എന്ന പ്രതീക്ഷയുണ്ടായിരുന്നു അപ്പോഴും. ബേസന്റെ കിടപ്പാടമടക്കം ഇസ്രായേൽ ചുട്ടുചാമ്പലാക്കി. ബേസനൊപ്പം ഭർത്താവിന്റെ ഉമ്മ, സഹോദരി, അവരുടെ ഭർത്താവ്, മൂന്ന് കുട്ടികൾ എന്നിവരാണ് ഉണ്ടായിരുന്നത്.വീട് വിട്ടിറങ്ങിയപ്പോൾ ആ കുടുംബം കിടപ്പാടം ക​ണ്ടെത്താൻ കഷ്ടപ്പെട്ടു.

ഏറ്റവും ബുദ്ധിമുട്ട് ബാത്റൂം ഇല്ലാത്തതായിരുന്നു. ചിലയാളുകൾ അവരുടെ ബാത്റൂം ഉപയോഗിക്കാൻ അനുവദിച്ചു. വെള്ളം കിട്ടാക്കനിയായിരുന്നു. കടൽ വെള്ളമായിരുന്നു ഏക ആശ്രയം. കടൽ വെള്ളം ശുദ്ധീകരിക്കാതെ ഉപയോഗിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ആർക്കും അറിയാത്തതല്ല. ശുദ്ധജലം വേണമെങ്കിൽ വില കൊടുത്തു വാങ്ങാം. അവരുടെ കൈയിൽ പാചക വാതക സിലിണ്ടറും സ്റ്റൗവും ഉണ്ടായിരുന്നു. എന്നാൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്നതിനാൽ ഭക്ഷണം പാചകം ചെയ്യാൻ നിവൃത്തിയില്ല. ടിന്നിലടച്ച ഭക്ഷണം മാത്രം കഴിച്ചാൽ കുട്ടികൾ രോഗികളാകാൻ അധികം താമസം വരില്ല. അതിനാൽ ചീസും ബ്രഡും മാത്രമായി ഭക്ഷണം. കുട്ടികൾ എല്ലാ ദിവസവും സാൻഡ്‍വിച്ച് കഴിച്ചു.

കുട്ടികൾക്കായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. മണൽത്തരികളിൽ കിടന്നുറങ്ങാൻ അവർക്ക് കഴിയു​ന്നുണ്ടായിരുന്നില്ല. വയറു വേദന സ്ഥിരമായി. സ്കിൻ ഇൻഫെക്ഷൻ വന്നു. വില കൊടുത്തു വാങ്ങാൻ കിട്ടുന്ന ശുദ്ധ ജലം പോലും മലിനമായിരുന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് എല്ലാം നല്ലതായിരുന്നുവെന്ന് ബേസൻ പറയുന്നു. ഒരു മീഡിയ കമ്പനിയിലായിരുന്നു ബേസൻ ജോലി ചെയ്തിരുന്നത്. വാട്ടർ കൂളർ വിതരണ കമ്പനിയിലായിരുന്നു ബേസന്റെ ഭർത്താവിന് ജോലി. എല്ലാം നഷ്‍ടമായി. ബേസൻ ജോലി ചെയ്ത മാധ്യമ സ്ഥാപനവും ഭർത്താവിന്റെ കമ്പനിയും ഇസ്രായേൽ സൈന്യം തകർത്തു. ഇപ്പോൾ ഓൺലൈൻ വഴിയാണ് ബേസന്റെ ജോലി. അതും വളരെ കുറച്ചു സമയം മാത്രം. ജോലി ചെയ്യുന്നതിന് കൂലിയുണ്ട്. എന്നാൽ പണം പിൻവലിക്കണമെങ്കിൽ പ്രത്യേകം കമ്മീഷൻ കൊടുക്കണം. ഒക്ടോബർ ഏഴിനു ശേഷമാണ് തലചായ്ക്കാൻ ഇടം പോലുമില്ലാത്ത വിധം ഗസ്സവാസികളുടെ ജീവിതം ഇത്രമേൽ ദുരിതത്തിലായതെന്നും ബേസൻ പറയുന്നു.  

Tags:    
News Summary - The Gaza translator describes her life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.