മിലാൻ: യൂറോപ് ലക്ഷ്യമാക്കി ബോട്ടുകളിൽ നീങ്ങിയ 1300ഓളം അഭയാർഥികൾ കടലിൽ അപകടാവസ്ഥയിലെന്ന് ഇറ്റാലിയൻ തീരസംരക്ഷണ സേന. ഇവരെ രക്ഷിക്കാനായി പ്രത്യേക രക്ഷാദൗത്യം ആരംഭിച്ചു.
800ഓളം പേരെ തീരസംരക്ഷണ സേന ബോട്ടുകളിൽ രക്ഷിച്ചു. കൂടുതൽ ബോട്ടുകളും നേവിയുടെ കപ്പലും കടലിലുണ്ട്. വിമാനത്തിലും ഡ്രോണിലും നിരീക്ഷണം നടത്തിയാണ് അപകടാവസ്ഥയിലുള്ള ബോട്ടുകളെ കണ്ടെത്തുന്നത്. അടുത്ത മണിക്കൂറുകളിൽ കാലാവസ്ഥ മോശമാകാനിടയുണ്ടെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ അധികൃതർ ജാഗ്രതയിലാണ്.
ഫെബ്രുവരി 26ന് ഇറ്റാലിയൻ തീരത്ത് അഭയാർഥികളുടെ ബോട്ട് അപകടത്തിൽപെട്ട് 73 പേർ മരിച്ചിരുന്നു. ബുധനാഴ്ച മുതൽ 3000ത്തിലേറെ പേർ ബോട്ടുമാർഗം ഇറ്റലിയിലെത്തി. വ്യാഴാഴ്ച 41 ബോട്ടുകളിലായി 1869 പേരാണ് എത്തിയത്. ഒരുദിവസത്തെ കൂടിയ എണ്ണമാണിത്. കഴിഞ്ഞ വർഷം മാർച്ചിൽ ആകെ 1300ഓളം പേരെത്തിയ സ്ഥാനത്താണിത്.
ഇറ്റാലിയൻ തീരങ്ങളിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുമെന്ന് വാഗ്ദാനം നൽകിയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി അധികാരത്തിലെത്തിയത്. അനധികൃത കുടിയേറ്റങ്ങൾ തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അവർ ഫെബ്രുവരിയിലെ അപകട പശ്ചാത്തലത്തിൽ ആവർത്തിച്ചിരുന്നു.
ആഭ്യന്തര സംഘർഷം, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാലാണ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നത്. ബോട്ടുകളിൽ അനധികൃതമായും അപകടകരമായുമാണ് ഭൂരിഭാഗവും ഇങ്ങനെ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.