ജറൂസലം: ലോകത്തെമ്പാടുമുള്ള കുട്ടികൾ സ്വപ്നം കാണുന്നത് പോലെ വലിയൊരു ഫുട്ബോൾ താരമാകാനായിരുന്നു നാജി അൽ ബാബ എന്ന ഫലസ്തീൻ ബാലനും ആഗ്രഹിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു അവന്റെ ഇഷ്ടതാരം. എന്നാൽ ഇസ്രായേൽ ബോംബാക്രമണത്തിൽ ആ 14കാരന്റെ സ്വപ്നങ്ങളെല്ലാം കൊഴിഞ്ഞടർന്നു.
ഹീബ്രൂണിനടുത്ത ഹാൽഹുൽ ക്ലബ്ബിൽ മണിക്കൂറുകളോളം ഫുട്ബോൾ കളിക്കാറുണ്ടായിരുന്നു നാജിയും കൂട്ടുകാരും. സ്കൂൾവിട്ടു കഴിഞ്ഞാൽ പിന്നെ ഫുട്ബോളായിരുന്നു അവന്റെ ലോകം. നവംബർ 13നായിരുന്നു ആ ബാലന്റെ അന്ത്യം. അന്നും പതിവുപോലെ മാതാപിതാക്കളോട് യാത്ര പറഞ്ഞ് സ്കൂളിലേക്ക് പോയതായിരുന്നു നാജി.
സ്കൂളിൽ നിന്നെത്തിയ ശേഷം കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകട്ടെയെന്ന് അവൻ മാതാപിതാക്കളോട് ചോദിച്ചു. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് തോക്കുമായെത്തിയ ഇസ്രായേൽ സേന വെടിവെപ്പു തുടങ്ങിയത്. നാജിക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ നാജിയുടെ ജീവൻ രക്ഷിക്കാനായില്ല. ഫലസ്തീനികൾക്ക് വിലക്കപ്പെട്ട സ്ഥലത്താണ് നാജിയും കൂട്ടുകാരുമുണ്ടായിരുന്നതെന്നാണ് ഇസ്രായേൽ സേന വെടിവെപ്പിന് നൽകിയ ന്യായീകരണം. നാലു ബുള്ളറ്റുകളാണ് നാജിയുടെ ശരീരത്തിൽ തുളച്ചു കയറിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. വെടിയേറ്റ് 30 മിനിറ്റോളം സഹായം ലഭിക്കാതെ നാജി കിടന്നു.
സാധാരണ കുട്ടികളേക്കാൾ നല്ല ഉയരമായിരുന്നു മകനെന്നും ഇത്രയും പെട്ടെന്ന് പോകാനായിരുന്നോ അവൻ വേഗം വളർന്നതെന്നും നാജിയുടെ മാതാവ് സങ്കടം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.