വാഷിങ്ടൺ: അമേരിക്കൻ മരുന്നു നിർമാതാക്കളായ മൊഡേണ ഉൽപാദിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന് മനുഷ്യശരീരത്തിൽ മൂന്നു മാസം മാത്രമേ ആൻറിബോഡി നിലനിർത്താനാവൂവെന്ന് പഠനറിപ്പോർട്ട്. വാക്സിൻ വികസിപ്പിക്കുന്നതിൽ പങ്കാളികളായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അലർജീസ് ആൻഡ് ഇൻഫക്ഷ്യസ് ഡിസീസസിലെ (എൻ.ഐ.എ.ഐഡി) ഗവേഷകർ നടത്തിയ പഠനത്തിലാണ് കോവിഡ് പ്രതിരോധ രംഗത്ത് ലോകത്തിന് നിരാശയേകുന്ന ഫലം പുറത്തുവന്നത്. ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ മൊഡേണ പ്രതിരോധ മരുന്ന് കുത്തിവെപ്പെടുത്ത 34 പേരെ നിരീക്ഷിച്ചപ്പോഴാണ് ഇവരിൽ ആൻറി ബോഡി മൂന്നു മാസത്തിന് ശേഷം ക്രമേണ ക്ഷയിക്കുന്നതായി ബോധ്യപ്പെട്ടതെന്ന് ന്യൂ ഇംഗ്ലണ്ട് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. വാക്സിൻ വഴി ഉൽപാദിപ്പിക്കപ്പെട്ട ആൻറിബോഡി മനുഷ്യ സെല്ലിലേക്ക് കോവിഡ് വൈറസിെൻറ പ്രവേശനത്തെ തടയുന്നുണ്ട്.
പക്ഷേ, പ്രതീക്ഷിച്ചപോലെ അത് കാലക്രമത്തിൽ ക്ഷയിക്കുന്നതായി ശ്രദ്ധയിൽപെട്ടു. മൂന്നു മാസത്തിന് ശേഷം വീണ്ടും കുത്തിവെപ്പെടുത്തപ്പോൾ ആൻറിബോഡി സജീവമായതായി കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. 28 ദിവസം ഇടവിട്ട് രണ്ട് ഡോസാണ് എം.ആർ.എൻ.എ-1273 എന്ന പേരിട്ടിരിക്കുന്ന വാക്സിൻ കുത്തിവെച്ചത്. അതേസമയം, മൂന്നുമാസത്തിന് ശേഷം ആൻറിബോഡി ക്ഷയിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഒരുപറ്റം ഗവേഷകരുടെ അഭിപ്രായം. ശരീരത്തിൽ വീണ്ടും വൈറസ് ബാധയുണ്ടായാൽ പ്രതിരോധ സംവിധാനം സജീവമാകുകയും വൈറസിനെ പ്രതിരോധിക്കുകയും ചെയ്തേക്കാമെന്നാണ് എൻ.ഐ.എ.ഐ.ഡി ഡയറക്ടർ ഡോ. ആൻറണി ഫൗസിയെ പോലുള്ള ഗവേഷകരുടെ വിലയിരുത്തൽ.
നേരത്തേ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ മൊഡേണക്ക് 94 ശതമാനം കാര്യക്ഷമതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.