വാഷിങ്ടൺ: പുതുവത്സരത്തോടനുബന്ധിച്ചാണ് ന്യൂജഴ്സിയിലെ കുടുംബത്തിലേക്ക് സന്തോഷം വിതറി ഇരട്ടക്കുഞ്ഞുങ്ങൾ വന്നത്. എന്നാൽ, ആ കുഞ്ഞുങ്ങൾ ഒരിക്കലും ഒരുമിച്ച് ജന്മദിനം ആഘോഷിക്കില്ല. ഒരേ വർഷവുമായിരിക്കില്ല ഇവരുടെ പിറന്നാൾ. ഇരട്ടകളാണെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ചതുകാരണം രണ്ടുപേരുടെയും ജനനം രേഖപ്പെടുത്തിയിട്ടുള്ളത് രണ്ടുവർഷങ്ങളിലായിട്ടാണ്.
വീട്ടിലിരുന്ന് പുതുവർഷം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഈവ് ഹംഫ്രിയും ഭർത്താവ് ബില്ലി ഹംഫ്രിയും. ഡിസംബർ 31നായിരുന്നു ബില്ലിയുടെ ജന്മദിനവും. ഭർത്താവിന് ജന്മദിനാശംസകൾ നേർന്ന കൂട്ടത്തിൽ തനിക്ക് പ്രസവവേദന തുടങ്ങിയ കാര്യവും ഈവ് പറഞ്ഞു. യഥാർഥത്തിൽ ജനുവരി 26 ആയിരുന്നു പ്രസവതീയതി.
അങ്ങനെ ദമ്പതികൾ ഡോ. മെലിസ യുർകനീനെ കാണാനെത്തി. ഉടൻ തന്നെ ഈവിനെ ലേബർ റൂമിലേക്ക് മാറ്റി. പുതുവത്സരത്തിന് ഏതാനും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത് എന്നിരിക്കെ, രണ്ടുകുട്ടികളും രണ്ട് വർഷത്തിൽ ജനിച്ചാൽ നല്ല രസമായിരിക്കുമെന്ന് ഡോക്ടർ തമാശ പറയുന്നുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.
2023 ഡിസംബർ 31 11.48ന് ഇസ്ര ആദ്യം ഭൂമിയിലേക്ക് വന്നു. ഇസ്ര ജനിച്ച് 10,12 മിനിറ്റിനുള്ളിൽ അടുത്തയാളെ പുറത്തെടുക്കാമെന്നായിരുന്നു ഡോക്ടർമാരുടെ കണക്കുകൂട്ടൽ. അത് തെറ്റിപ്പോയി. ഏതാണ്ട് 40 മിനിറ്റ് കഴിഞ്ഞാണ് ഇസകീൽ ജനിച്ചത്. സമയം, 2024 ജനുവരി ഒന്ന് 12. 28 . അപ്പോഴേക്കും പുതുവർഷം പുലർന്നിരുന്നു. ആഘോഷത്തിന്റെ ആർപ്പുവിളികൾ എങ്ങും കേൾക്കാമായിരുന്നു.
ഡിസംബർ 31ന് തന്നെ ഇരട്ടകളും ജനിച്ചാൽ ബില്ലിക്കും മക്കൾക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാമായിരുന്നു. ആ ചാൻസും നഷ്ടമായി. ഇനി ഇസ്രയും ബില്ലിയും ഒരുമിച്ച് ബർത്ത്ഡേ ആഘോഷിക്കും. ഇസക്കീൽ പുതുവർഷ ദിനത്തിലും. രണ്ടു ദിവസങ്ങളിലായി ഇരട്ടകൾ ജനിക്കുന്നത് അപൂർവമാണ്. വലുതായാൽ ഇക്കാര്യം പറഞ്ഞ് രണ്ടാളും ചിരിക്കുമെന്ന് ബില്ലി പറഞ്ഞു. ഞാൻ നിന്നേക്കാൾ ഒരു വർഷം മുന്നിലാണ് എന്നായിരിക്കും ഇസകീലിനോട് ഇസ്ര പറയുക.
ഏതായാലും കുടുംബത്തിലെ ആഘോഷം ഡിസംബറിൽ തന്നെ തുടങ്ങും. ഡിസംബർ ആദ്യവാരത്തിലായിരുന്നു ഈവിന്റെയും ബില്ലിയുടെയും വിവാഹ വാർഷികം. ഇവരുടെ മൂത്ത മകൻ ഹെസകിയാഹും ഈവും ജനിച്ചത് ജനുവരി മൂന്നിനാണ്. ''ഇപ്പോൾ കുടുംബത്തിൽ മൂന്ന് ആൺകുട്ടികളായി. മൂന്നുപേരുടെയും പിറന്നാൾ അടുത്തടുത്ത ദിവസങ്ങളിലാണ്. അതും സന്തോഷം തന്നെ.''-ബില്ലി പറഞ്ഞു. കുട്ടികൾ മുതിർന്നാൽ ജന്മദിനാഘോഷങ്ങൾ വലുതായി പ്ലാൻ ചെയ്യാനും കുടുംബത്തിന് പദ്ധതിയുണ്ട്. കുടുംബത്തിലേക്ക് ഇനിയൊരു കുട്ടി കൂടി വേണ്ടെന്നും ബില്ലിയും ഈവും തീരുമാനിച്ചിട്ടുണ്ട്. മൂന്നു കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനും ആയുസിനും വേണ്ടി പ്രാർഥിക്കുകയാണ് ദമ്പതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.