മിലാൻ: അപകടസാധ്യത ഏറെ ഉണ്ടെന്നറിഞ്ഞിട്ടും മക്കളെ നെഞ്ചോടുചേർത്ത് അവരാ ബോട്ടിൽ കയറിയത് പുതു ജീവിതം സ്വപ്നം കണ്ടായിരുന്നു. ലക്ഷ്യത്തിലെത്താൻ ചെറു ദൂരം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പക്ഷേ, പാതിയിൽ മുറിഞ്ഞുപോയ സ്വപ്നം മാത്രമായി അത് അവശേഷിച്ചു.
അവർക്ക് അഭയം നൽകാൻ ഭൂമിക്കേ പ്രയാസമുണ്ടായിരുന്നുള്ളൂ. കടലിന്റെ ആഴങ്ങൾക്ക് അവർ വെറും പൊങ്ങുതടികൾ മാത്രമായിരുന്നു. 200 പേരടങ്ങുന്ന അഭയാർഥിസംഘം ഒരാഴ്ച മുമ്പാണ് ഇറ്റലി ലക്ഷ്യമാക്കി തുർക്കിയയിൽനിന്ന് യാത്ര പുറപ്പെട്ടത്. ഇറ്റലിയിലെ ദക്ഷിണ കലാബ്രിയ മേഖലയിൽ ആ യാത്ര അവസാനിച്ചു.
64 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായത്. യഥാർഥത്തിൽ 100 പേരെ പോലും ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരുന്നില്ല ആ മരബോട്ടിന്. എന്നിട്ടും, ഒരാളിൽനിന്ന് 8000 യൂറോ(ഏതാണ്ട് ഏഴു ലക്ഷം രൂപ) വീതം വാങ്ങിയാണ് മനുഷ്യക്കടത്തുകാർ അവരെ കടൽ കടത്താമെന്നേറ്റത്. പാകിസ്താൻ, സിറിയ, ഇറാഖ്, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു അഭയാർഥികളേറെയും.
മരിച്ച 64 പേരിൽ എട്ടുപേർ കുട്ടികളായിരുന്നുവെന്നതാണ് ഏറെ നൊമ്പരപ്പെടുത്തുന്ന കാര്യം. ബോട്ടിന്റെ മര അവശിഷ്ടങ്ങൾ സ്റ്റെക്കാറ്റോ ഡി ക്യൂട്രോയിലെ തീരത്തടിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 88 പേരെ രക്ഷപ്പെടുത്താനായതായി ഇറ്റാലിയൻ അധികൃതർ അറിയിച്ചു. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് യൂറോപ്യൻ യൂനിയന്‍ കത്തയച്ചതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.