ബാൾട്ടിമോറിൽ കപ്പലിടിച്ച് പാലം തകർന്ന സംഭവം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു

ബാൾട്ടിമോർ: അമേരിക്കയിലെ മേരിലാൻഡിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പുപാലം തകർന്ന് വെള്ളത്തിൽ വീണ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. നിർമാണ തൊഴിലാളിയായ 38കാരൻ മെയ്നോർ യാസിർ സുവാസോ സാൻഡോവലിന്‍റെ മൃതദേഹമാണ് മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. കപ്പൽ ഇടിച്ച അർധരാത്രിയിൽ പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയ കുടിയേറ്റ തൊഴിലാളികളിൽ ഒരാളാണ് സാൻഡോവൽ.

അപകടത്തിൽ മെക്സിക്കോ, എൽസാൽവദോർ, ഗ്വാട്ടിമാല, ഹോണ്ടൂറാസ് എന്നിവിടങ്ങളിൽ നിന്നുള്ള ആറു തൊഴിലാളികൾ മരിച്ചതായാണ് റിപ്പോർട്ട്. കാണാതായവരുടെ രണ്ട് മൃതദേഹങ്ങൾ മാർച്ച് 29ന് കണ്ടെത്തിയിരുന്നു. മെക്‌സികോ, ഗ്വാട്ടിമാല സ്വദേശികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

തുടർന്ന് താൽകാലികമായി തിരച്ചിൽ ശ്രമങ്ങൾ അധികൃതർ അവസാനിപ്പിച്ചിരുന്നു. മറ്റുള്ളവരുടെ മൃതദേഹങ്ങൾ പാലത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് യന്ത്രം ഉപയോഗിച്ചുള്ള പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കിയ ശേഷമായിരിക്കും തിരച്ചിൽ പുനരാരംഭിക്കുകയെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.

മാർച്ച് 26ന് പ്രാദേശിക സമയം പുലർച്ച 1.30നാണ് മേരിലാൻഡിലെ നീളമേറിയ ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പ്പാലം ചരക്ക് കപ്പലിടിച്ച് തകർന്നത്. ബാൾട്ടിമോർ തുറമുഖത്തു നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട സിംഗപ്പൂർ പതാകയുള്ള ദാലി എന്ന ചരക്കുകപ്പലാണ് പറ്റാപ്സ്കോ പുഴക്ക് കുറുകെ 56 മീറ്റർ ഉയരത്തിൽ നിർമിച്ച ഇരുമ്പ് പാലത്തിൽ ഇടിച്ചത്.

2.6 കിലോമീറ്റർ നീളമുള്ള വമ്പൻ പാലത്തിന്‍റെ 800 മീറ്ററോളം ഭാഗം തകർന്ന് തവിടുപൊടിയായി നദിയിൽ പതിച്ചു. പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ അപകടത്തിൽ ഒന്നൊന്നായി നദിയിലേക്ക് പതിക്കുകയും ചെയ്തു. നിരവധി പേരെ രക്ഷിച്ചിരുന്നു.

ബാൾട്ടിമോറിലെ സീഗ്രിറ്റ് മറൈൻ ടെർമിനലിൽ നിന്ന് ചൊവ്വാഴ്ച അർധരാത്രിക്കു ശേഷം 12.24ന് യാത്ര തുടങ്ങിയ കപ്പൽ ഒരു മണിക്കൂറിനു ശേഷം ഗതിമാറി വേഗം കുറഞ്ഞു. തുടർന്ന് കപ്പലിലെ പുറംഭാഗത്തെ വെളിച്ചം പൂർണമായി അണഞ്ഞു. പുക ഉയരുകയും ചെയ്തു. പിന്നീടാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്‍റെ തൂണിലിടിച്ചത്.

Tags:    
News Summary - Third body pulled from water after Baltimore bridge disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.