വാഷിങ്ടൺ ഡി.സി: 61കാരൻ തട്ടിക്കൊണ്ടുപോയ പെൺകുട്ടിക്ക് രക്ഷപ്പെടാൻ തുണയായത് ടിക്-ടോക്കിലൂടെ വൈറലായ കൈയടയാളം. താൻ അതിക്രമത്തിനിരയാകുന്നുവെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അടയാളം കാണിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്താൻ സാധിച്ചത്. യു.എസിലെ കെന്‍റക്കിയിലാണ് സംഭവം.
കാറിൽ പോകുകയായിരുന്ന പെൺകുട്ടി താൻ അതിക്രമത്തിനിരയാണെന്ന് സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ഹാൻഡ് സിഗ്നൽ മറ്റൊരു കാറിലെ ഡ്രൈവർക്ക് നേരെ കാട്ടുകയായിരുന്നു. അടയാളം മനസിലാക്കിയ ഈ ഡ്രൈവർ ഉടൻ തന്നെ വിവരം പൊലീസിലറിയിച്ചു. തുടർന്ന് വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിച്ച പൊലീസ് പെൺകുട്ടിയുണ്ടായിരുന്ന വാഹനം കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ 61കാരനായ ജെയിംസ് ഹെർബെർട്ട് ബ്രിക് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
താൻ അതിക്രമത്തിനിരയാകുന്നുവെന്ന് ഒരാൾക്ക് രഹസ്യമായി മറ്റൊരാളെ അറിയിക്കാനുള്ള അടയാളമാണ് പെൺകുട്ടി കാട്ടിയത്. മറ്റൊരു വാഹനത്തിലെ ഡ്രൈവർക്ക് ഈ അടയാളം തിരിച്ചറിയാൻ സാധിച്ചതോടെയാണ് പൊലീസിൽ അറിയിച്ചത്. കൈപ്പത്തി ഉൾവശം കണുന്ന വിധത്തിൽ നിവർത്തിപ്പിടിച്ച് തള്ളവിരൽ ആദ്യം ഉള്ളിലേക്ക് മടക്കി പിന്നീട് വിരലുകൾ മുഴുവൻ മടക്കുന്നതാണ് അതിക്രമത്തിനും ഗാർഹിക പീഡനത്തിനും ഇരയാകുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള മാർഗം. തനിക്ക് സഹായം ആവശ്യമുണ്ടെന്നാണ് ഈ അടയാളം കാണിക്കുന്നതിലൂടെ ഒരാൾ അറിയിക്കുന്നത്.
2020ൽ കോവിഡിനെ തുടർന്ന് ലോകമെങ്ങും ലോക്ഡൗണിലായ സമയത്ത് ഗാർഹിക അതിക്രമങ്ങളുടെ നിരക്കിൽ വൻ വർധനവുണ്ടായിരുന്നു. ഇതിൽ നിന്ന് സഹായം തേടുന്നതിന്‍റെ ഭാഗമായാണ് കൈ ഉപയോഗിച്ചുള്ള അടയാളം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ടിക്-ടോക്കിലൂടെയാണ് ഇത് വൈറലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.