ടൈറ്റൻ ദുരന്തം: കാരണം തേടി രാജ്യാന്തര സംഘം

വാഷിങ്ടൺ: ഒരു നൂറ്റാണ്ടിലേറെ മുമ്പ് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിൽ മുങ്ങിയ ടൈറ്റാനിക് കപ്പൽ കാണാനായി പുറപ്പെട്ട് ദുരന്തത്തിൽ പെട്ട സ്വകാര്യ അന്തർവാഹിനി ടൈറ്റന് എന്തുപറ്റിയെന്ന് അന്വേഷിക്കാൻ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധ സംഘം. യു.എസ്, ഫ്രാൻസ്, കാനഡ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽനിന്നുള്ള സംഘമാണ് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം അന്വേഷിക്കുന്നത്.

കാനഡ അധികൃതരുമായി സഹകരിച്ച് ന്യൂഫൗണ്ട്‍ലാൻഡിലെ സെന്റ് ജോൺസ് തുറമുഖത്ത് തെളിവുകൾ ശേഖരിച്ചുവരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടസ്ഥലം തിരിച്ചറിഞ്ഞുകഴിഞ്ഞതായും അവശിഷ്ടങ്ങൾ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അമേരിക്കൻ തീരദേശസേന ക്യാപ്റ്റൻ ജാസൺ ന്യൂബോർ പറഞ്ഞു. എന്നാൽ, ദുരന്തത്തിൽ എല്ലാവരും മരിച്ച സാഹചര്യത്തിൽ ആരെ പ്രതിയാക്കുമെന്ന സംശയം യു.എസ്, കാനഡ അധികൃതർക്കുണ്ട്. ജൂൺ 16നാണ് അന്തർവാഹിനി വഹിച്ച് പോളാർ പ്രിൻസ് കപ്പൽ കാനഡയിലെ ന്യൂഫൗണ്ട്‍ലാൻഡ് തീരം വിട്ടത്. 17 ജീവനക്കാരും ദുരന്തത്തിനിരയായ അഞ്ചുപേരടക്കം മറ്റ് 24 പേരുമാണ് കപ്പലിലുണ്ടായിരുന്നത്. 18നായിരുന്നു ദുരന്തം.

അമേരിക്കയിൽ രജിസ്റ്റർ ചെയ്തതാണ് യാത്രക്ക് നേതൃത്വം നൽകിയ ഓഷ്യൻ ഗേറ്റ് എക്സ്പെഡീഷൻസ് കമ്പനി. എന്നാൽ, ടൈറ്റൻ രജിസ്ട്രേഷൻ ബഹാമാസിലും മാതൃകമ്പനിയായ പോളാർ പ്രിൻസ് കാനഡയിലും രജിസ്ട്രേഷനുള്ളവയും. കൊല്ലപ്പെട്ടവർ നാലു രാജ്യക്കാരാണ്. ടൈറ്റൻ, സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്ന ഒരു രാജ്യാന്തര ഏജൻസിയുടെയും അംഗീകാരം നേടിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിന് ദിവസങ്ങൾക്കുശേഷം ടൈറ്റൻ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് യു.എസ് തീരദേശ സേന അറിയിച്ചിരുന്നു.

Tags:    
News Summary - Titan disaster: International team searches for cause

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.