ന്യൂയോർക്: ഉത്തര അറ്റ്ലാന്റിക്കിൽ അപ്രത്യക്ഷമായ ‘ടൈറ്റൻ’ ടൂറിസ്റ്റ് അന്തർവാഹിനിയിൽ അതിസാഹസികരായ ആ അഞ്ച് സഞ്ചാരികൾ ജീവനോടെയുണ്ടാകുമോ? ദിവസങ്ങൾ നീണ്ട ആശങ്കക്ക് ഇനിയും ഉത്തരം കണ്ടെത്താനാകാതെ ലോകം. 96 മണിക്കൂർ ജീവൻ നിലനിർത്താനാവശ്യമായ ഓക്സിജനുമായി പുറപ്പെട്ട ജലയാനത്തെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തകർക്ക് മുന്നിൽ ഇനിയുള്ളത് നിർണായക മണിക്കൂറുകൾ. തിരച്ചിലിനിടെ മറ്റൊരു അന്തർവാഹിനി, സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ‘ടൈറ്റാനിക്’ കപ്പലിനോട് ചേർന്ന് ‘ചില അവശിഷ്ടങ്ങൾ’ കണ്ടെത്തിയതായി യു.എസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. അന്തർവാഹിനിയുടെ അവശിഷ്ടമാണോയെന്ന് വ്യക്തമല്ല. ഈ വിവരം തെരച്ചിൽ ദൗത്യത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്.
യു.എസ് കോസ്റ്റ്ഗാർഡിന്റെയും ‘ടൈറ്റൻ’ ഉടമകളായ ഓഷ്യൻ ഗേറ്റിന്റെയും കണക്കുകൂട്ടലനുസരിച്ച് വ്യാഴാഴ്ച വൈകീട്ട് 5.30 വരെ (ഇന്ത്യൻ സമയം) മാത്രമെ അന്തർവാഹിനിയിൽ ഓക്സിജൻ അവശേഷിക്കാൻ സാധ്യതയുള്ളൂ. സഞ്ചാരികൾ ജീവനോടെയിരിക്കണമെങ്കിൽ ഇനി അത്ഭുതം സംഭവിക്കണം. അപകടം മുന്നിൽകണ്ട് സഞ്ചാരികൾ ഓക്സിജൻ അത്യാവശ്യത്തിന് മാത്രം ഉപയോഗിച്ചിരുന്നുവെങ്കിൽ അൽപസമയം കൂടി നീട്ടിക്കിട്ടാം. 3800 മീറ്റർ താഴ്ചയിലേക്ക് താഴ്ന്നുപോയെന്ന് കരുതുന്ന ജലയാനം കണ്ടെത്താൻ കൂടുതൽ ആഴത്തിലും വ്യാപ്തിയിലും തിരച്ചിൽ നടത്തുന്നുണ്ട്. അരമണിക്കൂർ ഇടവിട്ട് അന്തർവാഹിനിയിൽനിന്ന് ശബ്ദം കേൾക്കുന്നത് പ്രതീക്ഷക്ക് വകനൽകിയിരുന്നു. അന്തർവാഹിനി ദുരന്തങ്ങളിൽ ഉപരിതലവുമായി ആശയവിനിമയം നടത്താൻ ഇടിശബ്ദങ്ങൾ പതിവാണ്. കാനഡയുടെ പി 3 ഓറിയോൺ വിമാനത്തിലെ ശബ്ദമാപിനിയാണ് തരംഗങ്ങള്‍ പിടിച്ചെടുത്തത്. തുടർന്ന് റോബോട്ടിനെ അയച്ചെങ്കിലും ദൗത്യം ഫലം കണ്ടില്ല.
കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് തീരത്തുനിന്ന് 600 കിലോമീറ്റർ അകലെ കടലിനടിയിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ ഞായറാഴ്ച രാവിലെ യാത്ര പുറപ്പെട്ട് 45 മിനിറ്റിനുശേഷം അന്തർവാഹിനിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാർഡിങ്, ടൂറിസം പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓഷ്യൻ ഗേറ്റ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൺ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ ഹെന്റി നർജിയോലെറ്റ് എന്നിവരാണ് അന്തർവാഹിനിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.