ഒക്ടോബർ 3ന് ഇസ്രായേൽ തടങ്കലിലാക്കപ്പെടുമ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രത്തിലാണ് 16കാരനായ ഹുസൈൻ നീണ്ട 10 മാസക്കാലം ജീവിച്ചത്. പുറത്തിറങ്ങിയപ്പോഴും അവന്റെ വസ്ത്രത്തിൽ രക്തമുണ്ടായിരുന്നു. ഒക്ടോബർ 3ന് അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണിനടുത്തുള്ള ഒരു വാച്ച് ടവറിൽ വെച്ച് ഹുസൈന്റെ വലതു തുടയിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റു. രണ്ട് ഇസ്രായേലി സൈനികർ തന്റെ നേർക്ക് നടക്കുന്നത് നിലത്തുവീണ ഹുസൈൻ കണ്ടു. അവർ അവനെ അടിച്ചു. ബോധം നഷ്ടപ്പെടും വരെ തലയിൽ ചവിട്ടി. മൂന്ന് ദിവസത്തിനുശേഷം ഉണർന്നപ്പോൾ ഒരു ആശുപത്രിയിൽ ആയിരുന്നു അവൻ. ശസ്ത്രക്രിയക്ക് വിധേയനായെന്നും ജയിലിലേക്ക് കൊണ്ടുപോവുകയാണെന്നും മനസ്സിലായി. ഇസ്രായേൽ ഗസ്സയിൽ തുടർച്ചയായ ആക്രമണം അഴിച്ചുവിടുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു അത്.
വർഷങ്ങളായി ഇസ്രായേൽ തടവിലാക്കിയ നൂറുകണക്കിന് കുട്ടികളിൽ ഒരാളാണ് ഹുസൈൻ. ഒക്‌ടോബർ 7ന് ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിക്കുകയും വെസ്റ്റ്ബാങ്കിൽ ദൈനംദിന റെയ്ഡുകളും കൂട്ട അറസ്റ്റും ശക്തമാക്കുകയും ചെയ്‌തതിനുശേഷം ഈ എണ്ണം ക്രമാതീതമായി പെരുകി. അതിനുശേഷം ഇസ്രായേൽ ജയിലുകളിൽ പീഡനം വ്യാപകമായതായി മോചിതരായ പ്രായപൂർത്തിയാകാത്ത ഫലസ്തീൻ കുട്ടികൾ പറയുന്നു.
കൂടുതൽ ഭാരം ഉയർത്താൻ സ്വയം വെല്ലുവിളിച്ച് ജിമ്മിൽ പോകുന്നത് ഹുസൈന് ഇഷ്ടമായിരുന്നു. കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കാനും. ഇപ്പോളവൻ ഊന്നുവടിയുടെ ബലത്തിൽ മുടന്തി നടക്കുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും കട്ടിലിൽ കഴിയുന്നു. 18 വയസ്സു കഴിഞ്ഞാൽ ജോയന്‍റ് ഇംപ്ലാന്‍റ് ശസ്ത്രക്രിയ വേണ്ട അവസ്ഥയിലാണിപ്പോൾ. യുദ്ധത്തിന് ശേഷം ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികൾ എത്രമാത്രം മോശം അവസ്ഥയിലൂടെ കടന്നുപോവുന്നുവെന്ന് കേട്ടപ്പോൾ തങ്ങൾ തകർന്നുവെന്ന് ഹുസൈന്റെ പിതാവ് ഉമർ പറഞ്ഞു. ‘ഞങ്ങൾ കരഞ്ഞു ... രാവും പകലും’. ഗസ്സയിൽ തടവിലാക്കപ്പെട്ടവരുമായി ഡസൻ കണക്കിന് ഫലസ്തീൻ തടവുകാരെ കൈമാറുന്നതുൾപ്പെടെയുള്ള താൽക്കാലിക വെടിനിർത്തൽ കരാറിൽ ഇസ്രായേലും ഹമാസും എത്തിയപ്പോൾ നവംബറിൽ ഹുസൈൻ മോചിതനാകുമെന്ന് ഉമർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പരിക്കേറ്റിട്ടും ഹുസൈനെ അവർ മോചിപ്പിച്ചില്ല. അവർ അവന്റെ ബാല്യവും ജീവിതകാലം മുഴുവനും നഷ്ടപ്പെടുത്തി. എന്‍റെ മകൻ ഇപ്പോൾ ആൾക്കൂട്ടത്തിനിടയിൽനിന്ന് ഒരു മൂലയിലേക്ക് പിൻവാങ്ങും. പലപ്പോഴും പേടിസ്വപ്നങ്ങളുമായി ഉണരും -ഉമർ പറഞ്ഞു.
വാസിം എന്ന കുട്ടി തടങ്കലിൽ കഴിയുമ്പോൾ വിറ്റാമിൻ, ഇരുമ്പ്, കാൽസ്യം എന്നിവയുടെ കുറവുണ്ടായിരുന്നു. ജയിൽ വാസയോഗ്യമല്ലായിരുന്നു. ‘ഞാൻ എല്ലാ ദിവസവും വൈദ്യചികിത്സ ആവശ്യപ്പെടും, പക്ഷേ ... ഡോക്ടർമാരെയൊന്നും കാണിച്ചില്ല. ആ ജയിലിൽ ഡോക്ടർമാരാരും ഉണ്ടായിരുന്നില്ല -വാസിം പറഞ്ഞു. ഭക്ഷണവും മര്യാദക്ക് ലഭിച്ചിരുന്നില്ല. തനിക്കും തന്റെ സെല്ലിലെ മറ്റ് ഒമ്പത് തടവുകാർക്കും ഒരു ചെറിയ പ്ലാസ്റ്റിക് കപ്പിലായിരുന്നു ഭക്ഷണം തന്നതെന്ന് ഹുസൈൻ പറഞ്ഞു. മിക്ക ദിവസങ്ങളിലും ഇത് പാചകം ചെയ്യാത്ത വെള്ള അരിയായിരുന്നു. ഞങ്ങളത് കഴിക്കും. അഞ്ച് മിനിറ്റ് നേരത്തേക്കു മാത്രം വിശപ്പാറും. ദിവസത്തിന്റെ ബാക്കി ഉപവാസം പോലെയായിരുന്നു. വെള്ളത്തിനായി യാചിക്കും. അത് കിട്ടാതാവുമ്പോൾ ബാത്ത്റൂമിൽ നിന്ന് മലിനമായ വെള്ളം കുടിക്കും. മറ്റു നിവൃത്തിയില്ലായിരുന്വൈന്നും വാസിം ആ നാളുകളെ ഓർത്തു പറഞ്ഞു. തടവുകാർക്ക് ഭക്ഷണവും അടിസ്ഥാന സാമഗ്രികളും വാങ്ങാനുള്ള കാന്‍റീൻ ഇസ്രായേൽ ജയിൽ അധികൃതർ അടച്ചുപൂട്ടുകയും ഹോട്ട്പ്ലേറ്റുകളും കെറ്റിലുകളും ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ എടുത്തുമാറ്റുകയും ചെയ്തു.
ഇസ്രായേൽ തടങ്കലിൽ ഫലസ്തീൻ തടവുകാർ അഭിമുഖീകരിക്കുന്ന പലതരത്തിലുള്ള ദുരുപയോഗം, പീഡനം, അപമാനം, മോശമായ പെരുമാറ്റം എന്നിവയിൽ ഒന്ന് മാത്രമാണ് മെഡിക്കൽ അശ്രദ്ധയെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഒക്‌ടോബർ 7 മുതൽ 700ലധികം കുട്ടികളുടെ അറസ്റ്റാണ് ഫലസ്‌തീനിയൻ പ്രിസണേഴ്‌സ് സൊസൈറ്റി രേഖപ്പെടുത്തിയത്. അവരിൽ 250 പേരും ഇസ്രയേലി തടങ്കലിൽ തുടരുകയാണ്. ഈ സംഖ്യ മുൻ കാലവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്നതാണെന്ന് ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റിയുടെ വക്താവ് അമാനി സരഹ്നെ പറയുന്നു. പ്രായപൂർത്തിയായ ഫലസ്തീനിയൻ തടവുകാരെപ്പോലെതത്തെ കുട്ടികളും പീഡിപ്പിക്കപ്പെടുന്നുവെന്ന് സരഹ്‌നെ കൂട്ടിച്ചേർത്തു. ‘നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്ന എല്ലാ ദുരുപയോഗ തന്ത്രങ്ങളും ഒരു ഫലസ്തീനിയൻ കുട്ടി അനുഭവിച്ചേക്കാം. ഇസ്രായേൽ സൈന്യം ഫലസ്തീൻ കുട്ടികളിൽ വർഷങ്ങളായി അവ ഉപയോഗിക്കുന്നുവെന്നും ഇന്ന് കുട്ടികൾ ഇസ്രായേൽ ജയിലുകൾക്കുള്ളിൽ നിരന്തരമായ പട്ടിണിയിലാണെന്നും സരഹ്നെ പറഞ്ഞു. ഇവർ പറയുന്നതനുസരിച്ച് കുട്ടികളായ ഭരണപരമായ തടവുകാരുടെ എണ്ണത്തിൽ അഭൂതപൂർവവും ഭയാനകവുമായ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നാണ്. വ്യാപകമായി വിമർശിക്കപ്പെട്ട ഈ സമ്പ്രദായത്തിന് കീഴിൽ കുറഞ്ഞത് 40 കുട്ടികളെങ്കിലും തടവിലാക്കപ്പെട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഒക്ടോബർ ഏഴിനുശേഷം കുടുംബ സന്ദർശനങ്ങളും പതിവ് വക്കീൽ സന്ദർശനങ്ങളും പൂർണമായും നിർത്തി. ഇത് കുട്ടികളുടെ തടവുകാർക്കിടയിലെ പെരുമാറ്റത്തെയും മനോവീര്യത്തെയും ബാധിച്ചു. ഫലസ്തീൻ തടവുകാർ മർദിക്കപ്പെടുന്നുവെന്നും ദീർഘകാലം തണുപ്പിനെ അനുഭവിപ്പിക്കുന്നുവെന്നും ഭക്ഷണം, ഉറക്കം, വെള്ളം, വൈദ്യസഹായം എന്നിവ നിഷേധിക്കപ്പെടുന്നുവെന്നും യു.എൻ മനുഷ്യാവകാശ ഓഫിസ് കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോർട്ടും വെളിപ്പെടുത്തുന്നു.
ഇപ്പോൾ 18 വയസ്സുള്ള അഹമ്മദ് അബു നഈം 15 വയസ്സുള്ളപ്പോൾ മുതൽ ഇസ്രായേൽ തടങ്കൽ കേന്ദ്രങ്ങളിലും ആറ് മാസത്തേക്ക് പുതുക്കാവുന്ന ഭരണപരമായ തടവുകാരുടെ പട്ടികയിൽപെട്ട് പുറത്തുമായി കഴിയുകയാണ്. ‘ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത് രണ്ട് ദിവസത്തേക്കാണ്. രണ്ടാം തവണ ഒരു വർഷത്തിലേറെ തടവിലിട്ടു. മൂന്നാം തവണയും ആറുമാസം തടങ്കലിലായി. ഞാനടക്കം അവിടെയുള്ള എല്ലാവർക്കും ചൊറി വന്നു. ഒരു ചികിൽസയും നൽകിയില്ല. മോചിതനായി വീട്ടിൽ വന്നപ്പോഴാണ് അതിനുള്ള മരുന്ന് ലഭിച്ചത് - അബു നഈം പറഞ്ഞു. ഒക്ടോബർ ഏഴിനുശേഷം സെൽ സെർച്ചുകൾ കൂടുതലായി. ജയിൽ ഗാർഡുകൾ സെല്ലിൽ പ്രവേശിക്കുമ്പോൾ എല്ലാ തടവുകാരും തലയിൽ കൈവെച്ച് മുട്ടുകുത്തി കിടക്കണം. ഇല്ലെങ്കിൽ അവർ ഞങ്ങളുടെ മേൽ നായ്ക്കളെ അഴിച്ചുവിടും. കാവൽക്കാർ ആരെയും തല്ലും. അവർ നിങ്ങളെ അറസ്റ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും കാര്യമില്ല. മുറിവുകൾക്കുമേലും വയറ്റത്തും വാരിയെല്ലുകളിലും തോളുകളിലും ചവിട്ടും.
സമയം പോക്കാൻ ഒരു ടെലിവിഷനോ റേഡിയോയോ ഇല്ലായിരുന്നു. പ്രത്യേകിച്ച് ഇസ്രായേൽ ഗാസയിൽ ആക്രമണം നടത്തിയതിന്റെ ആദ്യ 50 ദിവസങ്ങളിൽ. പുറംലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഒരു മാസമൊക്കെ കഴിയുമ്പോൾ പുതിയ തടവുകാരനിൽനിന്ന് ഒരു വാർത്ത കേൾക്കും. എന്‍റെ ഗ്രാമം അനധികൃത കുടിയേറ്റക്കാർ ആക്രമിച്ചുവെന്നും പിതാവിന് വെടിയേറ്റ് പരിക്കുപറ്റിയെന്നുമൊക്കെ ഞാൻ വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത്. സ്‌കൂളിലേക്ക് മടങ്ങുന്നതിന് പകരം പിതാവിനൊപ്പം തൊഴിലെടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അബു നഈം പറഞ്ഞു. 10 മക്കളിൽ മൂത്തയാളെന്ന നിലയിൽ തന്റെ കുടുംബത്തോടുള്ള ഉത്തരവാദിത്തബോധം അവനുണ്ടായിരുന്നു. എനിക്ക് ജോലി ചെയ്ത് ഒരു വീട് പണിയണമെന്നതാണ് ഇനി അവന്റെ സ്വപ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.