യുനൈറ്റഡ് നേഷൻസ്: ഇറാനെതിരെ ഏർപ്പെടുത്തിയ ആയുധ ഉപരോധം അനിശ്ചിത കാലത്തേക്ക് ദീർഘിപ്പിക്കണമെന്ന അമേരിക്കൻ പ്രമേയം െഎക്യരാഷ്ട്രസഭ (യു.എൻ) രക്ഷാസമിതിയിൽ ദയനീയമായി പരാജയപ്പെട്ടതോടെ ഭീഷണിയുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. 2015ൽ വൻശക്തി രാഷ്ട്രങ്ങളുമായി ആണവ സാമാധാന കരാറിൽ ഇറാൻ ഒപ്പുവെച്ചതിനെ തുടർന്ന് പിൻവലിച്ച യു.എൻ ഉപരോധങ്ങൾ വീണ്ടും നടപ്പാക്കാനുള്ള 'സ്നാപ്ബാക്ക്' അവസരം ഉപയോഗിക്കുമെന്നാണ് ട്രംപിെൻറ ഭീഷണി. 'അടുത്തയാഴ്ച കാണാം' എന്നാണ് ട്രംപ് പറഞ്ഞത്.
പിന്തുണച്ചത് ഒരു രാജ്യം മാത്രം
ഇറാനെതിരെ 13 വർഷമായി നിലവിലുള്ള ആയുധ ഉപരോധം ഒക്ടോബർ 18ന് അവസാനിക്കുന്നതിനാലാണ് അമേരിക്ക രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിച്ചത്. 15 അംഗ രക്ഷാസമിതിയിൽ ഡൊമിനിക്കൻ റിപ്പബ്ലിക് മാത്രമാണ് പിന്തുണച്ചത്. റഷ്യയും ചൈനയും എതിർത്തപ്പോൾ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ അടക്കം ബാക്കി 11 രാജ്യങ്ങളും വിട്ടുനിന്നു.
പ്രമേയം പാസാകാൻ ഒമ്പത് അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. ആഴ്ചകളായി സ്റ്റേറ്റ് സെക്രട്ടറി ൈമക്ക് േപാംപിയോയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെത്തി പിന്തുണക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 2015ൽ ആറ് വൻ ശക്തി രാജ്യങ്ങളും ഇറാനും ഒപ്പുവെച്ച ആണവ കരാറിൽനിന്ന് 2018ൽ അമേരിക്ക ഏകപക്ഷീയമായി പിൻവാങ്ങിയെങ്കിലും 'സ്നാപ്ബാക്ക്' എന്ന കരാർ വ്യവസ്ഥ ഉപയോഗിച്ച് ഇറാനെതിരായ യു.എൻ ഉപരോധങ്ങളെല്ലാം തിരികെ കൊണ്ടുവരുമെന്നു കാണിച്ച് രക്ഷാസമിതി അംഗരാജ്യങ്ങൾക്ക് ആറ് പേജുള്ള കത്തും അമേരിക്ക നൽകിയെങ്കിലും പ്രമേയത്തിന് പിന്തുണ ലഭിച്ചില്ല.
അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പ്രവർത്തിക്കുന്നതിൽ രക്ഷാസമിതി പരാജയപ്പെട്ടത് നീതീകരിക്കാനാകാത്തതാണെന്ന് പോംപിയോ പറഞ്ഞു. ആയുധ ഉപരോധം അവസാനിച്ചാൽ ഇറാൻ കൂടുതൽ പ്രശ്നങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുമെന്ന ആറ് ഗൾഫ് രാജ്യങ്ങളുടെയും ഇസ്രായേലിെൻറയും മുന്നറിയിപ്പും രക്ഷാസമിതി അവഗണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്ക ഒറ്റപ്പെട്ടതായി ഇറാൻ
യു.എന്നിെൻറ 75 വർഷത്തെ ചരിത്രത്തിൽ അമേരിക്ക ഇതുപോലെ ഒറ്റപ്പെട്ടിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു. ലോകം മുഴുവൻ യാത്ര ചെയ്ത് സമ്മർദവും ഭീഷണിയും എല്ലാം മുഴക്കിയിട്ടും ഒരു ചെറിയ രാജ്യത്തെ മാത്രമാണ് അമേരിക്കക്ക് ഒപ്പം നിലനിർത്താനായത് എന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ യു.എൻ ഉപരോധങ്ങൾ മടക്കിക്കൊണ്ടുവരാൻ അമേരിക്ക ശ്രമിച്ചാൽ ഭാവിയിലുണ്ടാകുന്ന പ്രതിസന്ധികൾക്കും വാഷിങ്ടൺ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഏകദ്രുവ ലോക മോഹത്തിനും ഭീഷണിക്കും ലോകം എതിരാണെന്നതിെൻറ തെളിവാണ് പ്രമേയത്തിെൻറ ദയനീയ പരാജയമെന്ന് യു.എന്നിലെ ചൈനീസ് അംബാസഡർ ഴാങ് ജുൻ പറഞ്ഞു.
സമവായവുമായി പുടിൻ; ട്രംപ് പെങ്കടുത്തേക്കില്ല
സംഘർഷം ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രക്ഷാസമിതി സ്ഥിരാംഗങ്ങളും ജർമനിയും ഇറാനും അടങ്ങുന്ന ഏഴ് രാഷ്ട്രങ്ങളുടെ ഉച്ചകോടി ഒാൺലൈനായി നടത്താമെന്ന് പുടിൻ നിർദേശിച്ചത്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഇൗ നിർദേശത്തെ പിന്താങ്ങി. എന്നാൽ, അമേരിക്ക അനുകൂലമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.