വാഷിങ്ടൺ: യു.എസ് പ്രസിഡന്റായി വീണ്ടും അധികാരത്തിലേക്ക് എത്തിയാൽ വിദേശവിദ്യാർഥികൾക്ക് ഗ്രീൻ കാർഡ് നൽകുമെന്ന പ്രഖ്യാപനവുമായി റിപബ്ലിക് പാർട്ടി സ്ഥാനാർഥിയായ ഡോണൾഡ് ട്രംപ്. യു.എസ് കോളജുകളിൽ നിന്നും ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കാവും ഗ്രീൻകാർഡ് നൽകുക. കുടിയേറ്റ നയത്തിൽ കർശന നിലപാട് തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
വിദേശവിദ്യാർഥികൾ യു.എസിലെ കോളജിൽ നിന്നും ബിരുദം പൂർത്തിയാക്കുമ്പോൾ അവർക്ക് സ്വാഭാവികമായി ഗ്രീൻകാർഡ് ലഭിക്കാൻ അർഹതയുണ്ടെന്ന് താൻ കരുതുന്നു. ജൂനിയർ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീൻ കാർഡ് യു.എസിലെ ഒരു പെർമനന്റ് റസിഡന്റ് കാർഡാണ്. ഇതിലൂടെ വ്യക്തികൾക്ക് യു.എസിൽ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. യു.എസ് പൗരത്വത്തിലേക്കുള്ള ആദ്യപടിയാണ് ഗ്രീൻകാർഡ്. അതേസമയം, യു.എസിലേക്ക് അനധികൃതമായി എത്തിയവർക്കും പുതിയ ആനുകൂല്യത്തിന്റെ ഗുണം ലഭിക്കുമോയെന്ന് വ്യക്തമല്ല.
അതേസമയം, 2017 മുതൽ 2021 വരെ പ്രസിഡന്റായിരുന്ന സമയത്ത് കുടിയേറ്റത്തിന് വിരുദ്ധമായ നയമാണ് ട്രംപ് സ്വീകരിച്ചിരുന്നത്. യു.എസ് ടെക് കമ്പനികൾ വിദേശത്ത് നിന്നും ആളുകളെ തൊഴിലിനായി കൊണ്ടു വരുന്നതിന് ഉപയോഗിച്ചിരുന്ന എച്ച്1ബി1 വിസയിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ ട്രംപ് ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.