വാഷിങ്ടൺ: സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ ലോക വ്യാപാരകേന്ദ്രം തകർത്ത സംഭവത്തിൽ സൂത്രധാരന്റെയും സഹായികളുടെയും കുറ്റസമ്മതം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് യു.എസ് ഭരണകൂടം കോടതിയിൽ. ആക്രമണത്തിന്റെ സൂത്രധാരൻ ഖാലിദ് ശൈഖ് മുഹമ്മദിന്റെയും രണ്ട് സഹായികളുടെയും കുറ്റസമ്മതം തള്ളണമെന്നാണ് ആവശ്യം.
കൊളംബിയ ജില്ല അപ്പീൽ കോടതിയിലാണ് യു.എസ് നീതിന്യായ വകുപ്പ് ഹരജി നൽകിയത്. കുറ്റസമ്മതം അംഗീകരിച്ചാൽ നിരവധി പേരുടെ ജീവനെടുക്കുകയും ലോകത്തെയും രാജ്യത്തെയും നടുക്കുകയും ചെയ്ത സംഭവത്തിൽ വിചാരണക്കുള്ള സാധ്യത അടയുമെന്നും ഇവർ വധശിക്ഷയിൽനിന്ന് രക്ഷപ്പെടുമെന്നും നീതിന്യായ വകുപ്പ് ഹരജിയിൽ വാദിച്ചു.
വധശിക്ഷയിൽനിന്ന് ഒഴിവാക്കുന്നതിന് പകരമായി ഖാലിദ് ശൈഖ് മുഹമ്മദ് വെള്ളിയാഴ്ചയും രണ്ട് സഹപ്രതികൾ അടുത്താഴ്ചയുമാണ് കോടതിയിൽ കുറ്റസമ്മതം നടത്താനിരുന്നത്. സംഭവം നടന്ന് 23 വർഷങ്ങൾക്ക് ശേഷമാണ് ഇവർ കുറ്റസമ്മതം നടത്തുന്നത്.
രണ്ട് വിമാനങ്ങൾ ഇടിച്ച് ലോക വ്യാപാര കേന്ദ്രത്തിന്റെ ഭീമൻ കെട്ടിടങ്ങൾ തകർത്ത സംഭവത്തിൽ 2,977 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.