കിയവ്: റഷ്യൻ സൈന്യത്തിന്റെ സുപ്രധാന ഇന്ധന സംഭരണ കേന്ദ്രം തകർത്തതായി യുക്രെയ്ൻ. റഷ്യയിലെ സരതോവ് മേഖലയിലെ ഏംഗൽസിനടുത്തുള്ള കേന്ദ്രമാണ് ആക്രമണത്തിൽ തകർന്നത്. യുക്രെയ്ൻ അതിർത്തിയിൽനിന്ന് 600 കിലോമീറ്ററോളം അകലെയാണ് ഈ കേന്ദ്രം.
മിസൈൽ വിക്ഷേപിക്കാൻ റഷ്യൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾക്ക് ഇന്ധനം ലഭ്യമാക്കുന്നത് ഇവിടെനിന്നാണെന്ന് യുക്രെയ്ൻ സായുധ സേനാംഗം അറിയിച്ചു. ഇന്ധന സംഭരണ കേന്ദ്രത്തിന് നാശമുണ്ടായത് റഷ്യൻ സേനക്ക് കനത്ത തിരിച്ചടിയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഈ മേഖലയിൽ ഡ്രോൺ ആക്രമണം നടന്ന കാര്യം റഷ്യൻ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അടിയന്തര രക്ഷാപ്രവർത്തനം നടത്തിയതായും അവർ വ്യക്തമാക്കി. യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സരതോവ്, ഉലിയാനോവ്സ്ക്, കസാൻ, നിസ്നെകാംസ്ക് തുടങ്ങിയ മേഖലകളിൽ ബുധനാഴ്ച വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു.
വോൾഗ നദിയുടെ ഒരു ഭാഗത്തുള്ള 2.20 ലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമാണ് ഏംഗൽസ്. റഷ്യയുടെ ആണവശേഷിയുള്ള യുദ്ധവിമാനങ്ങളുടെ പ്രധാനതാവളം ഏംഗൽസിന് തൊട്ടടുത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.