റോം: നിയമം ലംഘിച്ചെന്ന് ആരോപിച്ച് തടവിലിട്ട ഇറ്റാലിയൻ മാധ്യമ പ്രവർത്തകയെ മോചിപ്പിച്ച് ഇറാൻ. ഇൽ ഫൊഗ്ലിയോ പത്രത്തിലെ ജീവനക്കാരി സിസിലിയ സല (29) യാണ് നിരവധി നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ മോചിതയായത്. സിസിലിയ മോചിതയായ വിവരം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ഓഫിസ് സ്ഥിരീകരിച്ചു.
സിസിലിയയുടെ മോചനം സാധ്യമാക്കാൻ സഹായിച്ചവർക്കെല്ലാം എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ മെലോനി നന്ദി പറഞ്ഞു. അതേസമയം, ഇതേക്കുറിച്ച് ഇറാൻ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മെലോനി കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് മോചനകാര്യത്തിൽ തീരുമാനമായത്.
ഡിസംബർ 19നാണ് തലസ്ഥാനമായ തെഹ്റാനിൽ സിസിലിയ അറസ്റ്റിലായത്. മാധ്യമ പ്രവർത്തകയുടെ വിസയിൽ ഇറാനിലെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു നടപടി. സിസിലിയയുടെ അറസ്റ്റ് ഇറ്റലിയിൽ വൻ പ്രതിഷേധത്തിനും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഇറാനുമായി മികച്ച ബന്ധം തുടരുന്ന യു.എസ് സഖ്യകക്ഷിയായ ഇറ്റലിയെ സംബന്ധിച്ച സങ്കീർണമായ നയതന്ത്ര കുരുക്കായിരുന്നു സംഭവം.
ഇറ്റലിയിലെ മിലാൻ വിമാനത്താവളത്തിൽ ഡിസംബർ 16ന് അറസ്റ്റിലായ മുഹമ്മദ് ആബിദീന്റെ മോചനത്തിന് വിലപേശാനാണ് സിസിലിയയെ തടവിലിട്ടതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ ജോർഡനിലെ സൈനിക താവളം ആക്രമിച്ച സംഭവത്തിൽ യു.എസ് ജസ്റ്റിസ് വകുപ്പാണ് ആബിദീനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നിലവിൽ ഇറ്റലിയിൽ തടവിലാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.