ന്യൂഡൽഹി: ഗസ്സയിൽ തുരങ്കങ്ങൾ നിർമിച്ചത് തങ്ങളുടെ പോരാളികളെ സംരക്ഷിക്കാനെന്ന് ഹമാസ്. ഹമാസ് ഉദ്യോഗസ്ഥനായ ഉന്നതനായ മൂസ അബു മർസൂഖ് ആണ് റഷ്യ ടുഡേ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിലെ സിവിലിയന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഐക്യരാഷ്ട്ര സഭക്കും ഇസ്രായേലിനും ആണെന്ന് മൂസ അബു മർസൂഖ് വ്യക്തമാക്കി.
ഹമാസ് പോരാളികളെ ലക്ഷ്യമിടുന്നത് പ്രതിരോധിക്കാനും സ്വയംസുരക്ഷക്കുമാണ് തുരങ്കങ്ങൾ നിർമ്മിച്ചിരിക്കുന്നത്. വ്യോമാക്രമണങ്ങളിൽ നിന്നുള്ള സുരക്ഷക്കാണിത്. തുരങ്കങ്ങളിൽ നിന്ന് പോരാടുകയല്ലാതെ പോരാളികൾക്ക് മറ്റ് മാർഗങ്ങളില്ല. അധിനിവേശത്തിലുള്ളവർക്ക് എല്ലാ സേവനങ്ങളും നൽകേണ്ടത് യു.എൻ ആണെന്നും മൂസ അബു മർസൂഖ് ചൂണ്ടിക്കാട്ടി.
അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 8,306 ആയി. തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ കനത്ത ബോംബിങ്ങിൽ തെക്കൻ പ്രദേശമായ ഖാൻ യൂനുസിൽ മാത്രം 93 പേർ കൊല്ലപ്പെട്ടു.
അതിനിടെ, വടക്കൻ ഗസ്സയിൽ നിന്ന് തെക്കോട്ടുള്ള പ്രധാന റോഡിൽ ഇസ്രായേലി സായുധ വാഹനങ്ങൾ എത്തി സിവിലിയൻ വാഹനങ്ങൾ ആക്രമിച്ചതായി ബി.ബി.സി റിപ്പോർട്ടുണ്ട്. അടിയന്തരമായി ഒഴിഞ്ഞു പോകണമെന്നും ഉടൻ ആക്രമണമുണ്ടാകുമെന്നും ഗസ്സ സിറ്റി നിവാസികൾക്ക് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.