ഇസ്റ്റംബൂൾ: തുർക്കിയയിൽ പാർലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ ലീഡ് പിടിച്ച് ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയും (എ.കെ പാർട്ടി) റജബ് ത്വയ്യബ് ഉർദുഗാനും. എ.കെ പാർട്ടിക്കൊപ്പം എം.എച്ച്.പി, വൈ.ആർ.എഫ്, ബി.ബി.പി എന്നിവയും ചേർന്ന് ജനകീയ സഖ്യം പകുതിയിലേറെ സീറ്റ് നേടിയപ്പോൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉർദുഗാൻ 49.5 ശതമാനം വോട്ടുനേടി മുന്നിലെത്തി. എന്നാൽ, 50 ശതമാനം കടമ്പ കടക്കാനാവാത്തതിനാൽ പ്രസിഡന്റിനെ അറിയാൻ രണ്ടാം ഘട്ട വോട്ടെടുപ്പ് വേണമെന്നുറപ്പായി. ഉർദുഗാനും രണ്ടാമതെത്തിയ കമാൽ കിലിജദാർഒഗ്‍ലുവും തമ്മിലെ രണ്ടാംഘട്ട അങ്കം മേയ് 28നാകും.
രണ്ടുപതിറ്റാണ്ട് നീണ്ട തുർക്കിയയിലെ ഉർദുഗാൻ യുഗത്തിന് ഇത്തവണ അവസാനമാകുമെന്ന പ്രവചനങ്ങൾ കാറ്റിൽപറത്തിയാണ് അവസാന ഫലങ്ങളെത്തുമ്പോൾ പ്രസിഡന്റ് നില ഭദ്രമാക്കിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനകീയ സഖ്യം ബഹുദൂരം മുന്നിലായതിനാൽ രണ്ടാംഘട്ട വോട്ടെടുപ്പിൽ 69കാരനായ ഉർദുഗാന് വിജയ സാധ്യത കൂടുതലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
100 വർഷംമുമ്പ് മുസ്‍തഫ കമാൽ അത്താതുർക്ക് പുതിയ മുഖം നൽകിയ തുർക്കിയയെ പഴയ രീതിയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിൽ നിർണായക പങ്കുവഹിച്ച ഉർദുഗാന് ഇപ്പോഴും ജനപ്രീതിയിൽ കാര്യമായ കുറവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. അരലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ട വൻ ഭൂകമ്പത്തിന്റെ ആഘാതത്തിൽനിന്ന് രാജ്യം ഇനിയും മോചിതരായിട്ടില്ല. എന്നിട്ടും, പ്രതിപക്ഷ പ്രചാരണങ്ങൾ ഇത്തവണ കാര്യമായി ജനം ഏറ്റെടുത്തില്ല. പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പം നിൽക്കാതെ ഉർദുഗാൻ റഷ്യൻ അനുകൂല നിലപാട് സ്വീകരിച്ചതിനാൽ എതിരാളിയായ കമാൽ കിലിജദാർഒഗ്‍ലു ജയിക്കണമെന്നായിരുന്നു യൂറോപ്പിന്റെ നിലപാടെങ്കിലും ജനം സ്വീകരിച്ചില്ല എന്നതും ശ്രദ്ധേയം. തെരഞ്ഞെടുപ്പിനുമുമ്പുള്ള അഭിപ്രായ സർവേകളിൽ കമാൽ കിലിജദാർഒഗ്‍ലു ലീഡ് പിടിക്കുമെന്നുമായിരുന്നു സൂചനകൾ. എന്നാൽ, സ്വദേശത്തും വിദേശത്തുമായി നടന്ന വോട്ടിങ്ങിൽ നാലു ശതമാനത്തിലേറെ ലീഡുമായാണ് ഉർദുഗാന്റെ മുന്നേറ്റം. കമൽ കിലിജദാർഒഗ്‍ലു 44.89 ശതമാനം വോട്ടുനേടിയപ്പോൾ സിനാൻ ഒഗാൻ 5.17ഉം മുഹർറം ഇൻസ് 0.44 ശതമാനവും വോട്ടു നേടി.
തുർക്കിയ രാഷ്ട്രീയത്തിൽ ഏറെയായി സാന്നിധ്യമായ ഉർദുഗാൻ 1994ൽ ഇസ്റ്റംബുൾ മേയറായ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. 2003ൽ പ്രധാനമന്ത്രിയായ ഉർദുഗാൻ 2014 മുതൽ പ്രസിഡന്റുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.