ടോക്യോ: ഒമ്പത് പേരെ കൊലപ്പെടുത്തിയതായി കോടതിയിൽ സമ്മതിച്ച് ജപ്പാനിലെ 'ട്വിറ്റർ കില്ലർ' എന്നറിയപ്പെടുന്ന തകാഹിരോ ഷിറൈഷി. എന്നാൽ ഷിറൈഷിയെ വധശിക്ഷക്ക് വിധിക്കരുതെന്നും സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചവരെ അവരുടെ സമ്മതത്തോടെയാണ് ഷിറൈഷി കൊലപ്പെടുത്തിയതെന്നും അയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
29കാരനായ ഷിറൈഷി ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ശരീര ഭാഗങ്ങൾ കഷണങ്ങളാക്കുകയും അവ തണുത്ത പെട്ടികളിലാക്കി സൂക്ഷിച്ചു വെക്കുകയുമായിരുന്നു. കഷണങ്ങളാക്കിയ ഒമ്പത് മൃതദേഹങ്ങളും 240ലേറെ എല്ലിൻ കഷണങ്ങളും പെട്ടികളിലാക്കി വെച്ചത് ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മാലിന്യങ്ങൾക്കിടയിലായിരുന്നു ഇവ വെച്ചിരുന്നത്. ഇയാൾക്കെതിരെ ബലാത്സംഗ കുറ്റവും നിലവിലുള്ളതായാണ് റിപ്പോർട്ട്.
ആത്മഹത്യ ചെയ്യുന്നതായി ട്വീറ്റ് ചെയ്ത 15നും 26നും മധ്യേ പ്രായമുള്ളവരുമായി ട്വിറ്ററിലൂടെ ബന്ധപ്പെടുകയും ജീവനൊടുക്കാൻ താൻ സഹായിക്കാമെന്നും അല്ലെങ്കിൽ അവർക്കൊപ്പം മരിക്കാമെന്നും വാഗ്ദാനം ചെയ്ത ശേഷം അവരെ കൊലപ്പെടുത്തുകയായിരുന്നു ഷിറൈഷിയുടെ രീതി. ട്വിറ്ററിലൂടെ ഇരകളെ കണ്ടെത്തി കൊലപ്പെടുത്തുന്നതിനാലാണ് 'ട്വിറ്റർ കില്ലർ' എന്ന പേരു വന്നത്.
തകാഹിരോ ഷിറൈഷിയുടെ പേരിലുള്ള കുറ്റം തെളിഞ്ഞാൽ അയാൾ വധശിക്ഷ നേരിടേണ്ടി വരും. എന്നാൽ കൊല നടന്നത് കൊല്ലപ്പെട്ടവരുടെ സമ്മതത്തോടെയായിരുന്നുവെന്ന് സ്ഥാപിച്ച് വധശിക്ഷയിൽ ഇളവ് നേടുകയും ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷയിലേക്ക് എത്തിക്കുകയാണ് അഭിഭാഷകൻെറ ലക്ഷ്യം.
എന്നാൽ ഒരു ജാപ്പനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊല നടന്നത് കൊല്ലപ്പെട്ടവരുടെ സമ്മതത്തോടെയല്ലെന്ന് ഷിറൈഷി പറഞ്ഞിരുന്നു. ''കൊല്ലപ്പെട്ടവരുടെ തലക്ക് പിന്നിൽ മുറിവുണ്ട്. കൊലക്ക് അവരുടെ സമ്മതമില്ലായിരുന്നുവെന്നും അവർ എതിർക്കാതിരിക്കാനാണ് ഞാൻ അങ്ങനെ ചെയ്തതെന്നുമാണ് അതിനർഥം'' - എന്നായിരുന്നു ഷിറൈഷിയുടെ പ്രതികരണം.
തനിക്ക് സ്വയം ജീവനൊടുക്കണമെന്ന് തുടർച്ചയായി ട്വീറ്റ് ചെയ്ത 23കാരിയെ കാണാതായതിനെ തുടർന്ന് സഹോദരൻ യുവതിയുടെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചപ്പോൾ സംശയാസ്പദമായ ട്വിറ്റർ ഹാൻഡിൽ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്ന് വർഷം മുമ്പ് തകാഹിരോ ഷിറൈഷി പൊലീസിൻെറ പിടിയിലാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.