പ്രതീകാത്മക ചിത്രം

ബലൂചിസ്താനിൽ സ്ഫോടനം; രണ്ട് കുട്ടികളും സ്ത്രീയും കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ മാർക്കറ്റിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർ ഉൾപ്പെടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.

പിഷിൻ ജില്ലയിലെ സുർഖാബ് ചൗക്കിന് സമീപത്തെ പ്രധാന മാർക്കറ്റിലാണ് സ്‌ഫോടനം നടന്നത്. ബൈക്കിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. കുട്ടികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പിഷിൻ സിവിൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിനെ ഉദ്ധരിച്ച് ദി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ 13 പേരെ ക്വറ്റ ട്രോമ സെന്‍ററിലേക്ക് മാറ്റി. അവിടെ വെച്ചാണ് സ്ത്രീ മരിച്ചത്. പരിക്കേറ്റ രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണെന്ന് പിഷിൻ സിറ്റി സ്റ്റേഷൻ ഹൗസ് ഓഫീസർ മുജിബുർ റഹ്മാൻ പറഞ്ഞു.

സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമാണ് പിഷിൻ ഡെപ്യൂട്ടി കമീഷ്ണർ ഓഫീസ്. തീവ്രവാദ വിരുദ്ധ വകുപ്പും (സി.ടി.ഡി) ബോംബ് സ്ക്വാഡും സംഭവസ്ഥലത്ത് എത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പാകിസ്താനിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും ചെക്ക്‌പോസ്റ്റുകൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ഏറ്റവും പുതിയ സംഭവമാണിത്. ദിവസങ്ങൾക്ക് മുമ്പ് നോഷ്കി ജില്ലയിൽ അർധ സൈനിക വിഭാഗത്തിന്‍റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ റോഡിരികിൽ സ്ഫോടനം നടന്നിരുന്നു. സംഭവത്തിൽ രണ്ട് കാൽനടയാത്രക്കാർക്ക് പരിക്കേറ്റിരുന്നു.

നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി) 2022-ൽ സർക്കാറുമായുണ്ടാക്കിയിരുന്ന വെടിനിർത്തൽ കരാർ അവസാനിപ്പിക്കുകയും സുരക്ഷാ സേനയെ ലക്ഷ്യമിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമണങ്ങൾ വർധിച്ചത്. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്താൻ പ്രവിശ്യകളിലാണ് ഇത്തരം ആക്രമണങ്ങൾ കൂടുതൽ.

Tags:    
News Summary - Two children and woman killed in blast in Pakistan Balochistan province

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.