അമേരിക്ക-കാനഡ അതിർത്തിയിൽ വാഹനം പൊട്ടിത്തെറിച്ച് രണ്ട് മരണം; അപകടം നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം

ന്യൂയോർക്ക്: അമേരിക്ക-കാനഡ അതിർത്തിയിൽ വാഹനം പൊട്ടിത്തെറിച്ച് രണ്ട് മരണം. പ്രസിദ്ധമായ നയാഗ്ര വെള്ളച്ചാട്ടത്തിന് 50 മീറ്റർ അകലെയാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഭീകരാക്രമണമാണ് നടന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന നയാഗ്ര നദിക്ക് കുറുകെയുള്ള റെയിൻബോ ബ്രിഡ്ജിലാണ് സംഭവം. അമേരിക്കയിൽ നിന്ന് അതിർത്തി കടന്ന കാനഡയിലേക്ക് പോകാനെത്തിയ കാർ ആണ് കസ്റ്റംസ് സ്റ്റേഷനിൽ ഇടിച്ച് പൊട്ടിത്തെറിച്ചത്. അപകട കാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

പൊട്ടിത്തെറിയെ തുടർന്ന് നാല് അമേരിക്ക-കാനഡ അതിർത്തികൾ അടച്ചു. റെയിൻബോ ബ്രിഡ്ജ്, ലെവിസ്റ്റൻ, വെർപൂൾ, പീസ് ബ്രിഡ്ജ് എന്നീ ക്രോസിങ്ങുകളാണ് താൽകാലികമായി അടച്ചത്.

30 മുതൽ 40 അടി ഉയരത്തിൽ തീഗോളം ഉണ്ടായത്. അതിർത്തിയിലേക്ക് അതിവേഗത്തിൽ പോ‍യ വാഹനം ഇടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നത് കണ്ടതായി കനേഡിയൻ സന്ദർശകനായ മൈക്ക് ഗുന്തർ സി.ബി.എസ് ന്യൂസിനോട് പറഞ്ഞു.

Tags:    
News Summary - Two dead in 'vehicle explosion' at US-Canada border crossing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.