വാഷിങ്ടൻ: യുക്രെയ്നിനോട് ചേർന്ന് കിഴക്കൻ പോളണ്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ലക്ഷ്യം തെറ്റിയെത്തിയ റഷ്യൻ മിസൈൽ പ്രസെവോഡോ ഗ്രാമത്തിൽ പതിക്കുകയായിരുന്നെന്നാണ് സൂചന. എന്നാല്‍, തങ്ങളുടെ മിസൈൽ പോളണ്ടിൽ പതിച്ചെന്ന റിപ്പോർട്ടുകൾ റഷ്യൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
സംഭവത്തിന് പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവിക്കി അടിയന്തര യോഗം വിളിക്കുകയും സൈന്യത്തോട് സജ്ജമാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പ്രസിഡന്‍റ് ആന്ദ്രെ ദൂദ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. അംഗരാജ്യമായ പോളണ്ടിൽ മിസൈൽ പതിച്ചതിന് പിന്നാലെ നാറ്റോ സഖ്യകക്ഷികളുടെ അടിയന്തര യോഗം വിളിച്ചു.
ഇത് വളരെ ഗുരുതരമായ സംഭവമാണെന്നും പക്ഷേ ചിത്രം വ്യക്തമല്ലെന്നും നാറ്റോ അംഗരാജ്യമായ നോർവെയുടെ വിദേശകാര്യ മന്ത്രി ആനികെൻ ഹ്യൂറ്റ്ഫെൽഡ് പറഞ്ഞു. നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കപ്പെടണമെന്ന് ലിത്വാനിയൻ പ്രസിഡന്റ് ഗിറ്റാനസ് നൗസേദ ട്വീറ്റ് ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജി20 ഉച്ചകോടിയിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമെന്നാണ് വിവരം. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവർ പോളണ്ട് ഭരണകൂടവുമായി ഫോണിൽ സംസാരിച്ചു.
ജി20 ഉച്ചകോടിയില്‍ തങ്ങൾക്കെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നതിന് പിന്നാലെ യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരുന്നു. തലസ്ഥാനമായ കീവ് അടക്കം പല ജനവാസ കേന്ദ്രങ്ങളിലും മിസൈല്‍ വര്‍ഷമുണ്ടായി. കീവില്‍ പകുതിയോളം സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. എഴുപതോളം മിസൈലുകള്‍ റഷ്യ വര്‍ഷിച്ചതായാണ് യുക്രെയ്ന്‍ ആരോപണം. ചെര്‍ണീവ്, ലിവിവ്, മൈക്കലേവ്, ഹാര്‍ക്കീവ് എന്നിവിടങ്ങളിലും റഷ്യന്‍ ആക്രമണമുണ്ടായി. ജനങ്ങളോട് ഭൂഗര്‍ഭ അറകളില്‍ അഭയം തേടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഹേഴ്സണില്‍ നിന്ന് പിന്‍മാറിയ ശേഷം ആദ്യമായാണ് റഷ്യ ഇത്രയും രൂക്ഷമായ ആക്രമണം നടത്തുന്നത്.
ജി 20 ഉച്ചകോടിയില്‍ യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡ്മിർ സെലെൻസ്കി റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിനു റഷ്യ പ്രതികാരം ചെയ്യുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫിസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.