ഗസ്സ: ഇസ്രായേൽ തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തിൽ സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുന്ന ഗസ്സയിൽ പട്ടിണിയെ തുടർന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മഹ്മൂദ് ഫത്തോഹ് എന്ന കുഞ്ഞാണ് ഗസ്സ സിറ്റിയിലെ അൽ-ശിഫ ആശുപത്രിയിൽ വെള്ളിയാഴ്ച മരിച്ചത്. ഇസ്രായേൽ തുടരുന്ന യുദ്ധം ഗസ്സയിൽ പട്ടിണിമൂലം കുരുന്നുകളുടെ കൂട്ടമരണം തന്നെ സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി ദിവസങ്ങൾക്കകമാണ് ദാരുണ സംഭവം.
കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ആരോഗ്യപ്രവർത്തകർക്ക് പറയാനുള്ളത് ദയനീയമായ കഥയാണ്. കുഞ്ഞിനെയും കൊണ്ട് തെരുവിൽ സഹായത്തിന് കേഴുന്ന സ്ത്രീയെ ഇവർ കണ്ടുമുട്ടുകയായിരുന്നു. ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുകയായിരുന്നു ജനിച്ച് രണ്ടുമാസം മാത്രമായ ആ കുഞ്ഞ്. ഉടൻ ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പട്ടിണിയും പോഷകാഹാരക്കുറവുമാണ് മരണകാരണം. ദിവസങ്ങളായി കുട്ടിക്ക് പാല് നൽകാൻ സാധിച്ചിരുന്നില്ല. കുഞ്ഞുങ്ങൾക്കുള്ള പാൽ ഗസ്സയിലൊരിടത്തും കിട്ടാനില്ല -ആരോഗ്യപ്രവർത്തകർ പറഞ്ഞു.
ഗസ്സക്ക് സഹായമെത്തിക്കാനുള്ള ആഗോളതലത്തിലുള്ള ആവശ്യത്തെ ഇസ്രായേൽ അവഗണിക്കുന്നതിന്‍റെ ഏറ്റവുമൊടുവിലത്തെ സംഭവമാണ് പട്ടിണിമൂലമുള്ള പിഞ്ചുകുഞ്ഞിന്‍റെ മരണം. ഇസ്രായേൽ യുദ്ധം തുടങ്ങിയതിന് ശേഷം 29,606 ഫലസ്തീനികൾ ഗസ്സയിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. എഴുപതിനായിരത്തോളം പേർക്കാണ് പരിക്കേറ്റത്.
ഇസ്രായേൽ പട്ടിണിയെ ആയുധമാക്കി ഉപയോഗിക്കുകയാണെന്നും ഗസ്സയിലെ 23 ലക്ഷം ജനങ്ങൾ ക്ഷാമത്തിന്‍റെ വക്കിലാണെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നു. ജീവൻ നിലനിർത്താനായി ചെറു ചെടികൾ പറിച്ചെടുത്ത് ഭക്ഷിക്കേണ്ട ദയനീയാവസ്ഥയിലാണ് ഫലസ്തീനികളെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂർണമായും നിലച്ചിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ 'വേൾഡ് ഫുഡ് പ്രോഗ്രാം' ഭക്ഷ്യവിതരണം പൂർണമായും നിർത്തിയിരുന്നു.
ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വിശുദ്ധ മാസമായ റമദാനിലും ഗസ്സ മുനമ്പിൽ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും അഭാവം ഗസ്സയിലുടനീളം രോഗവ്യാപനത്തിനും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും കാരണമാകുമെന്ന് യു.എൻ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.