വെസ്റ്റ് ബാങ്ക്: വെസ്റ്റ്ബാങ്കിലെ നബ്‍ലസിൽ കാർ ഇടിച്ച് ഗുരുതര പരിക്കേറ്റ രണ്ട് ഇസ്രായേൽ സൈനികർ മരിച്ചു. ബുധനാഴ്ച രാത്രി നടന്ന അപകടത്തിൽ പരിക്കേറ്റ സ്റ്റാഫ് സർജൻറുമാരായ എലിയ ഹിലേൽ (20), ഡീഗോഹർസജ് (20) എന്നിവരാണ് വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചത്. ഇരുവരും കഫീർ ബ്രിഗേഡിന്റെ നഹ്ഷോൺ ബറ്റാലിയൻ അംഗങ്ങളായിരുന്നു.
നബ്‍ലസിലേക്കുള്ള പ്രവേശന കവാടമായ ഇറ്റാമറിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രത്തിന് സമീപമാണ് ഇരുവരെയും വാഹനം ഇടിച്ചിട്ടത്. ഡ്രൈവർ ഫലസ്തീൻ സ്വദേശിയാണെന്ന് സംശയിക്കുന്നു.
വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്ക് നേരെ കടുത്ത ആക്രമണമാണ് ഏതാനും മാസങ്ങളായി ഇസ്രായേൽ സേനയും അനധികൃത കുടിയേറ്റക്കാരും അഴിച്ചുവിടുന്നത്. കുട്ടികയെടക്കം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊല്ലുക, കുട്ടികളെയും സ്ത്രീകളെയും മുതിർന്നവരെയും അനധികൃതമായി തട്ടിക്കൊണ്ടുപോവുക, വാഹനങ്ങളും വീടുകളും തകൾത്ത് അഗ്നിക്കിരയാക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങളാണ് തുടർച്ചയായി നടത്തുന്നത്.
ഗസ്സയിൽ യുദ്ധം തുടങ്ങിയ ശേഷം വെസ്റ്റ് ബാങ്കിൽ നിന്ന് മാത്രം 4,000ലേറെ ഫലസ്തീനികളെ ഇസ്രായേൽ അധിനിവേശ സൈന്യം പിടിച്ചുകൊണ്ടുപോയി തടവിലാക്കിയിട്ടുണ്ട്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 510 ലധികം പേരാണ് വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത്.
അതിനിടെ, റഫയിൽ നിരപരാധികളായ അഭയാർഥികൾക്ക് നേരെ ബോംബാക്രമണം നടത്തി നിരവധി ഗസ്സക്കാരെ കൂട്ടക്കൊല ചെയ്തതിന് പിനനാലെ മൂന്ന് ഇസ്രായേൽ സൈനികരെ ഹമാസ് കൊലപ്പെടുത്തി. കെട്ടിടത്തിൽ ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ഒരുക്കിയ കെണിയിൽ സൈനികർ കുടുങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ച സൈനിക വാഹനങ്ങൾക്കു നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് തൊട്ടുചേർന്ന കെട്ടിടത്തിൽ അഭയം തേടിയപ്പോൾ ഇവിടെ നേരത്തേ സ്ഥാപിച്ച ബോംബുകൾ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നാണ് സൈനികരുടെ മരണപ്പെട്ടത്. അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില അതിഗുരുതരമാണ്. ഒരു സൈനികനെ കാണാതായിട്ടുമുണ്ട്.
ഇസ്രായേൽ സൈനിക നിരയിൽ കൂടുതൽ ആൾനാശമുണ്ടെന്ന് ഖസ്സാം ബ്രിഗേഡ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ ചുരുങ്ങിയത് 290 സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രായേലിന്റെ ഔദ്യോഗിക കണക്ക്. റഫ ആക്രമണം തുടങ്ങിയശേഷം 10 സൈനികർ കൊല്ലപ്പെടുകയും 135 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.