വൊളോദിമിർ സെലൻസ്കി, വ്ലാദിമിർ പുടിൻ

റഷ്യൻ ക്രൂരതക്ക് രണ്ടുവർഷം

റഷ്യൻ വൻശക്തി യുക്രെയ്നുമേൽ ആഞ്ഞുപതിച്ചിട്ട് ഇന്ന് രണ്ടുവർഷമാവുകയാണ്. 2022 ഫെബ്രുവരി 24നാണ് റഷ്യൻ സൈന്യം യുക്രെയ്നെ ആക്രമിക്കുന്നത്. നിലവിൽ യുക്രെയ്നിന്റെ 20 ശതമാനം ഭാഗത്ത് റഷ്യ നിയന്ത്രണം നേടിയിരിക്കുകയാണ്. 2014ലെ ആക്രമണത്തിൽ പിടിച്ചെടുത്ത ഏഴ് ശതമാനം ​പ്രദേശത്തിന് പുറമെയാണിത്.

വാക്കുകളിലും ശരീരഭാഷയിലും ആത്മവിശ്വാസം നിറഞ്ഞുനിന്നിരുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഇന്ന് തളർന്നിരിക്കുന്നു. യു.എസും പാശ്ചാത്യ സഖ്യ രാജ്യങ്ങളും നൽകിയ പിന്തുണയായിരുന്നു റഷ്യക്കെതിരെ പൊരുതാൻ യുക്രെയ്നിന്റെ ആത്മവിശ്വാസം. എന്നാൽ, പ്രതീക്ഷിച്ചപോലെ സംഭവിച്ചില്ല. ഇതിന്റെ നിരാശ പങ്കുവെക്കുന്ന സെലൻസ്കിയെയാണ് ഇപ്പോൾ ലോകം കണ്ടുകൊണ്ടിരിക്കുന്നത്.

സൈനിക മേധാവിയെ മാറ്റിയിട്ടും രക്ഷയില്ല

ഈ മാസം യുക്രെയ്ൻ സൈനിക മേധാവി സ്ഥാനത്തുനിന്ന് വലേറി സലൂൻയിയെ മാറ്റി ഒലെക്സാണ്ടർ സിർസ്കിയെ നിയമിച്ചു. പ്രതിരോധം പിഴക്കുന്നുവെന്ന വിലയിരുത്തലും പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ നീരസവുമാണ് മാറ്റത്തിന് കാരണം. അതിന് ശേഷമാണ് തന്ത്രപ്രധാന നഗരമായ അവ്ദിവ്ക യുക്രെയ്ന് നഷ്ടമായത്.

അധിനിവേശത്തിന്റെ പത്താം വർഷം’

യുക്രെയ്ന് ഒരർഥത്തിൽ ഇത് റഷ്യൻ അധിനിവേശത്തിന്റെ പത്താംവർഷമാണ്. 2013-14ൽ റഷ്യയുടെ സ്വന്തക്കാരനായ അന്നത്തെ യുക്രെയ്ൻ പ്രസിഡൻറ് വിക്ടർ യാനുകോവിച്ചിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവും പിന്നാലെ പുറത്താകലും തുടക്കമിട്ട സംഭവപരമ്പരയിലെ അവസാന നടപടി മാത്രം.

തെരഞ്ഞെടുപ്പ് വർഷം

യുക്രെയ്നിലും റഷ്യയിലും പൊതുതെരഞ്ഞെടുപ്പ് വർഷമാണിത്. മാർച്ച് 17ന് നടക്കുന്ന റഷ്യൻ തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിൻ വീണ്ടും പ്രസിഡന്റാകുമെന്നാണ് വിലയിരുത്തൽ. യുക്രെയ്നിൽ മാർച്ചിൽ പ്രസിഡന്റ് ​തെരഞ്ഞെടുപ്പും ഒക്ടോബറിൽ പാർലമെന്റ് തെരഞ്ഞെടുപ്പും നടക്കേണ്ടതാണെങ്കിലും യുദ്ധപശ്ചാത്തലത്തിൽ വ്യക്തത വന്നിട്ടില്ല.

അഞ്ചുലക്ഷം സൈനികരെ ​കാത്ത്

സൈനിക ക്ഷാമം നേരിടുന്ന യുക്രെയ്ൻ അഞ്ചുലക്ഷം പേരെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയാണ്. നീക്കം വിജയിക്കുമെന്ന് തോന്നുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഒന്നര ലക്ഷം പേരെ കിട്ടിയാലായി. എന്നാണ് മാധ്യമങ്ങളും വിശകലന വിദഗ്ധരും പറയുന്നത്.

യുക്രെയ്ൻ സഹായ ഉച്ചകോടി പാരിസിൽ

റഷ്യയെ എതിരിടുന്ന യുക്രെയ്നെ സഹായിക്കാനായി യൂറോപ്യൻ നേതാക്കളും സർക്കാർ പ്രതിനിധികളും തിങ്കളാഴ്ച പാരിസിൽ ഒത്തുകൂടും.

റഷ്യൻ ചുവ

പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ റഷ്യ കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് യുക്രെയ്ൻ. ജനസംഖ്യയുടെ വലിയ ഭാഗം ഇപ്പോഴും റഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്. പരസ്പരം ചേർന്നുനിൽക്കുന്ന ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. 2001ലെ കണക്കുകൾ പ്രകാരം 80 ലക്ഷം റഷ്യക്കാർ യുക്രെയ്നിലുണ്ടായിരുന്നു.

റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ വില

അഭയാർഥികൾ

30 ലക്ഷം കുട്ടികൾ ഉൾപ്പെടെ ഒന്നര കോടി അഭയാർഥികളായി. ഇതിൽ 80 ലക്ഷം പേർ യുക്രെയ്ന് പുറത്താണ്

കൊല്ല​െപ്പട്ടവർ

587 കുട്ടികൾ ഉൾപ്പെടെ 30,457 സാധാരണക്കാർ

സൈനിക നഷ്ടം

റഷ്യയുടെ 3.15 ലക്ഷം, യുക്രെയ്നിന്റെ നാലുലക്ഷം സൈനികർ കൊല്ലപ്പെട്ടു

ആരോഗ്യരംഗം

ആയിരത്തോളം ആശുപത്രികൾക്ക് നാശനഷ്ടം

വീടുകൾ

ഒന്നര ലക്ഷം സ്വകാര്യ ഭവനങ്ങളും 19,000 അപ്പാർട്മെന്റുകളും തകർക്കപ്പെട്ടു

വിദ്യാഭ്യാസം

50 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടു

ദാരിദ്ര്യ നിരക്ക്

5.5 ശതമാനത്തിൽനിന്ന് 24 ശതമാനമായി ഉയർന്നു

പുനർനിർമാണം

യുക്രെയ്ൻ പുനർനിർമിക്കാൻ 35,000 കോടി ഡോളർ വേണമെന്നാണ് വിലയിരുത്തൽ

Tags:    
News Summary - Two years of Russian brutality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.