‘യാഗി’ക്കു പിന്നാലെ ’ബെബിങ്ക’യും; 70 വർഷത്തിനിടെ ഷാങ്ഹായിയെ വിറപ്പിച്ച് ശക്തമായ കൊടുങ്കാറ്റ്

 ഷാങ്ഹായ്: കിഴക്കനേഷ്യൻ രാജ്യങ്ങളിൽ വീശിയടിച്ച ‘യാഗി’ക്കു പിന്നാലെ ചൈനയിലെ ഷാങ്ഹായിയെ വിറപ്പിച്ച് ‘ബെബിങ്ക’ ചുഴലിക്കാറ്റ്. ഏഴ് പതിറ്റാണ്ടിനിടെ ചൈനീസ് സാമ്പത്തിക കേന്ദ്രത്തെ നേരിട്ടു ബാധിച്ച ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ‘ബെബിങ്ക’ തിങ്കളാഴ്ച രാവിലെ കനത്ത പേമാരിയോടെ ഷാങ്ഹായുടെ കരയിലേറി. മണിക്കൂറിൽ 151 വേഗതയുള്ള കാറ്റാണ് ബെബിങ്ക. 1949ലെ ‘ഗ്ലോറിയക്കു’ശേഷം ഷാങ്ഹായിൽ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്.

ബെബിങ്ക ചുഴലിക്കാറ്റിനെ തുടർന്ന് മത്സ്യബന്ധന ബോട്ടുകൾ ചൈനയിലെ ഷൗഷാൻ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നു

കാറ്റിലും പേമാരിയിലും നേരിട്ടുള്ള ആഘാതങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ചിടങ്ങളിൽ തീരദേശ നിവാസികളെ ഒഴിപ്പിച്ചതായി സിറ്റി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി മുതൽ നഗരത്തിലെ ഹൈവേകൾ അടക്കുകയും രണ്ട് വിമാനത്താവളങ്ങളിൽനിന്നുള്ള നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഷാങ്ഹായ് റെയിൽവേ സ്റ്റേഷനും സേവനങ്ങൾ നിർത്തിവച്ചു. ചിലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞും ഉണ്ട്.

ചൈനയിൽ മൂന്ന് ദിവസത്തെ മധ്യ വേനൽ ഫെസ്റ്റിവൽ ആഘോഷിക്കുന്ന സമയത്താണ് ഈ തടസ്സങ്ങൾ. ഷാങ്ഹായ് ഡിസ്നി റിസോർട്ട്, ജിൻജിയാങ് അമ്യൂസ്മെന്‍റ് പാർക്ക്, ഷാങ്ഹായ് വൈൽഡ് അനിമൽ പാർക്ക് എന്നിവയുൾപ്പെടെ താൽക്കാലികമായി അടച്ചിടുകയും നിരവധി ​കടത്തുബോട്ടുകൾ നിർത്തുകയും ചെയ്തു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോവുന്നത് നിരോധിച്ചു. വൻ നാശ നഷ്ടങ്ങൾ ഉണ്ടാക്കി ‘യാഗി’ കൊടുങ്കാറ്റ് കഴിഞ്ഞയാഴ്ച തെക്കൻ ഹൈനാൻ പ്രവിശ്യയിൽ ആഞ്ഞടിച്ചിരുന്നു.

Tags:    
News Summary - Typhoon Bebinca lands in Shanghai, strongest storm to hit city since 1949

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.