ലണ്ടൻ: ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. മാനവരാശിയെ കോവിഡ് മഹാമാരിയിൽ നിന്ന് മോചിപ്പിക്കാൻ ഇന്ത്യയും ബ്രിട്ടനും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. വിഡിയോ സന്ദേശത്തിൽ ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകൾ നേരുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ 71ാമത് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥിയായി ബോറിസ് ജോൺസൺ ഡൽഹിയിൽ എത്തേണ്ടതായിരുന്നു. എന്നാൽ ബ്രിട്ടനിൽ കോവിഡിന്‍റെ പുതിയ വകഭേദം പടർന്നു പിടിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു.
''എന്‍റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഈ സുപ്രധാന അവസരത്തിൽ നിങ്ങളോടൊപ്പം ചേരാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാൽ കോവിഡിനെതിരായ ഞങ്ങളുടെ ഒറ്റക്കെട്ടായ പോരാട്ടം എന്നെ ലണ്ടനിൽ തന്നെ നിർത്തി'' -ബോറിസ് ജോൺസൺ പറഞ്ഞു.
മാനവരാശിയെ കോവിഡിൽ നിന്ന് മുക്തരാക്കുന്നതിനായി വാക്സിൻ വികസിപ്പിക്കുന്നതിലും നിർമിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടന്‍റെയും ഇന്ത്യയുടേയും മറ്റ് രാഷ്ട്രങ്ങളുടേയും സംയുക്ത പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതായും കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ വിജയത്തിന്‍റെ പാതയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിച്ച് സൗഹൃദബന്ധം ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.