ലണ്ടൻ: ശ്രീലങ്കയിൽ എൽ.ടി.ടി.ഇക്കെതിരെ ആക്രമണത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും നേതൃത്വം നൽകിയ സൈനിക കമാൻഡർമാരടക്കം നാലുപേർക്കെതിരെ ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൻ. സായുധ സേനയുടെ മുൻ മേധാവി ജനറൽ ശവേന്ദ്ര സിൽവ, മുൻ നാവികസേന കമാൻഡർ വസന്ത കരണ്ണഗോഡ, മുൻ സൈനിക കമാൻഡർ ജഗത് ജയസൂര്യ, എൽ.ടി.ടി.ഇ വിമതനും സഹമന്ത്രിയുമായിരുന്ന വിനായകമൂർത്തി മുരളീധരൻ എന്നിവർക്കാണ് ഉപരോധമേർപ്പെടുത്തിയത്. ഇവരുടെ ബ്രിട്ടനിലെ സ്വത്തുക്കൾ മരവിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ആഭ്യന്തരയുദ്ധ കാലത്ത് കൊലപാതകങ്ങൾ, പീഡനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ ഉൾപ്പെടെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി ആവശ്യപ്പെടുന്നതിലും ശ്രീലങ്കയിൽ മനുഷ്യാവകാശം ഉറപ്പാക്കുന്നതിലും ബ്രിട്ടൻ പ്രതിജ്ഞാബദ്ധമാണെന്ന് കോമൺവെൽത്ത്, വികസന കാര്യങ്ങളുടെ വിദേശകാര്യ സ്റ്റേറ്റ് സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
ജനറൽ സിൽവക്കെതിരെ 2020ൽ യു.എസ് ഉപരോധമേർപ്പെടുത്തിയിരുന്നു. മുൻ പ്രസിഡന്റുമാരായ മഹീന്ദ രാജപക്സെക്കും ഗോതബയ രാജപക്സെക്കുമെതിരായ കാനഡയുടെ ഉപരോധം നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.