വാഷിങ്ടൺ: യമനിൽ ഹൂതികൾക്കെതിരായ യുദ്ധതന്ത്രങ്ങൾ മാധ്യമപ്രവർത്തകനടങ്ങുന്ന ‘സിഗ്നൽ’ ചാറ്റ് ഗ്രൂപ്പിലൂടെ പുറത്തുവന്ന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്സ്. മാധ്യമ പ്രവർത്തകനെ ഉൾപ്പെടുത്തിയതിന് ഉത്തരവാദി തന്റെ ജീവനക്കാരനല്ല. അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും വാൾട്സ് പറഞ്ഞു.
താനാണ് ഗ്രൂപ്പുണ്ടാക്കിയത്. എല്ലാറ്റിന്റെയും ഏകോപനം ഉറപ്പാക്കുകയാണ് തന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. യു.എസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വാൾട്സിന്റെ പ്രതികരണം. എന്നാൽ, എങ്ങനെയാണ് ഗ്രൂപ്പിൽ പത്രപ്രവർത്തകൻ ഉൾപ്പെട്ടതെന്ന് അദ്ദേഹത്തിന് വിശദീകരിക്കാനായില്ല. സംഭവം ഞെട്ടിക്കുന്നതാണ്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തും. അതിനു കഴിവുള്ള സാങ്കേതിക വിദഗ്ധർ നമുക്കുണ്ട്. ഇലോൺ മസ്കുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
യു.എസിലെ ‘ദ അറ്റ്ലാൻറിക്’ മാഗസിന്റെ എഡിറ്റർ അടക്കം അംഗങ്ങളായ ചാറ്റ് ഗ്രൂപ്പിലാണ് യമനിലെ സൈനിക നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ലക്ഷ്യസ്ഥാനങ്ങൾ, വിന്യസിച്ച ആയുധങ്ങൾ, ആക്രമണഘട്ടങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഗ്രൂപ്പിൽ വന്നത്. ഗ്രൂപ്പിൽ തന്നെയും ചേർത്തതായി ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബെർഗ് വെളിപ്പെടുത്തിയതോടെയാണ് സുരക്ഷവീഴ്ച അധികൃതർ അറിഞ്ഞത്.
അതേസമയം, സംഭവം ഗൗരവതരമല്ലെന്നായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രതികരണം. മൈക്കൽ വാൾട്സ് നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു പാഠം പഠിച്ചു. വാൾട്സിന്റെ സഹായിയാണ് മാധ്യമപ്രവർത്തകനെ ഗ്രൂപ്പിൽ ചേർത്തതെന്നും ട്രംപ് പറഞ്ഞു. അതേസമയം, നിർണായക വിവരങ്ങൾ കൈമാറാൻ പൊതുജനങ്ങൾ ഉപയോഗിക്കുന്ന ആപ് ഉപയോഗിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ഡെമോക്രാറ്റ് അംഗങ്ങൾ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.