കിയവ്: മൂന്നാഴ്ച പൂർത്തിയാകുന്ന റഷ്യൻ അധിനിവേശത്തിൽനിന്ന് നാടുവിട്ടവരുടെ എണ്ണം 30 ലക്ഷത്തിലേറെയെന്ന് യു.എൻ അഭയാർഥി ഏജൻസി. ആദ്യ ആഴ്ചയിൽമാത്രം 10 ലക്ഷം പേർ നാടുവിട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ തീവ്രത പ്രാപിച്ച പലായനം ചൊവ്വാഴ്ചയാണ് 30 ലക്ഷം പിന്നിട്ടത്. ഇനിയും അഭയാർഥിപ്രവാഹം തുടരുകയാണെന്നും ലക്ഷങ്ങൾ ഓരോ ദിവസവും അതിർത്തി കടക്കുകയാണെന്നും യു.എൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
15,70,000 യുക്രെയ്ൻ പൗരന്മാരാണ് അയൽ രാജ്യങ്ങളുടെ കനിവു തേടി അതിർത്തി കടന്നത്. ഏറ്റവും കൂടുതൽ അഭയാർഥികളെത്തിയ രാജ്യം പോളണ്ടാണ്- 18 ലക്ഷം പേർ. തൊട്ടുപിന്നിൽ റുമേനിയ (453,000), മൾഡോവ (337,000), ഹംഗറി (264,000), സ്ലൊവാക്യ (213,000) എന്നിവയുമുണ്ട്. പടിഞ്ഞാറൻ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്കും നിരവധി പേർ പലായനം ചെയ്തിട്ടുണ്ട്.
അഭയാർഥികളിൽ പകുതി പേരും കുഞ്ഞുങ്ങളാണെന്ന് യൂനിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. 1,43,000 പേർ റഷ്യയിലേക്കും നാടുവിട്ടിട്ടുണ്ട്. മറ്റൊരു അയൽരാജ്യമായ ബെലറൂസിലേക്ക് ഇതുവരെ 1500 പേരാണ് അതിർത്തി കടന്നത്. 10 ലക്ഷംപേർ വരുംനാളുകളിൽ അഭയാർഥികളാകുമെന്നും യു.എൻ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.