കിയവ്: റഷ്യയുമായി ബന്ധമുള്ള ഓർത്തഡോക്‌സ് സഭയെ നിരോധിക്കാൻ നിയമനിർമാണം നടത്തി യുക്രെയ്ൻ. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് യുക്രേനിയൻ ഓർത്തഡോക്സ് ചർച്ച് കൂട്ടുനിന്നതായി ആരോപിച്ചാണ് നടപടി. ചൊവ്വാഴ്ച ചേർന്ന പാർലമെൻ്റ് യോഗത്തിൽ 29നെതിരെ 265 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്. ഇത് ദേശീയ സുരക്ഷയുടെ പ്രശ്നമാണെന്ന് പാർലമെന്റംഗം ഐറിന ഹെരാഷ്ചെങ്കോ പറഞ്ഞു. ‘ഇതൊരു ചരിത്ര വോട്ടെടുപ്പാണ്. ആക്രമണകാരികളുടെ യുക്രെയ്നിലെ ശാഖയെ നിരോധിക്കുന്ന നിയമനിർമാണത്തിന് പാർലമെൻറ് അംഗീകാരം നൽകി’ -ഐറിന ടെലിഗ്രാമിൽ എഴുതി.
യുക്രൈനിലെ ക്രിസ്തുമത വിശ്വാസികളിലധികവും ഓർത്തഡോക്സ് സഭാംഗങ്ങളാണ്. റഷ്യൻ ഓർത്തഡോക്സ് ചർച്ചുമായി ബന്ധമുള്ള യുക്രേനിയൻ ഓർത്തഡോക്സ് ചർച്ച് (UOC) ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ, 2019ൽ ഇത് പിളർന്ന് യുക്രെയ്ൻ സ്വതന്ത്ര ഓർത്തഡോക്സ് ചർച്ച് നിലവിൽ വന്നു.
അതേസമയം, അധിനിവേശം ആരംഭിച്ച 2022 ഫെബ്രുവരി മുതൽ മോസ്കോയുമായുള്ള തങ്ങളുടെ ബന്ധം വിച്ഛേദിച്ചതായി യു.ഒ.സി പറയുന്നു. എന്നാൽ, യുക്രെയ്ൻ ഭരണകൂടം ഈ അവകാശവാദത്തെ ചോദ്യം ചെയ്യുകയും സഭയിലെ പുരോഹിതന്മാർക്കെതിരെ രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ നിരവധി ക്രിമിനൽ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. റഷ്യയുമായുള്ള തടവുകാരെ കൈമാറ്റം ചെയ്യൽ കരാറിൽ ഒരുപുരോഹിതനെ കൈമാറുകയും ചെയ്തു.
യു.ഒ.സിയെ നിരോധിച്ചത് യുക്രെയ്‌നിൻ്റെ "ആത്മീയ സ്വാതന്ത്ര്യം" ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പാണെന്ന് പ്രസിഡൻ്റ് വൊളോദിമിർ സെലൻസ്‌കി വിശേഷിപ്പിച്ചു. എന്നാൽ, സഭക്ക് വിദേശ കേന്ദ്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് യു.ഒ.സി വക്താവായ ക്ലെമൻറ് മെത്രാപ്പൊലീത്ത ആവർത്തിച്ചു. പുതിയ നിയമം സഭയുടെ സ്വത്തിൽ കണ്ണുനട്ടാണെന്നും അദ്ദേഹം ആരോപിച്ചു. ‘യുക്രേനിയൻ ഓർത്തഡോക്സ് സഭ യഥാർഥ സഭയായി തുടർന്നും പ്രവർത്തിക്കും. ലോകത്തിലെ ബഹുഭൂരിപക്ഷം യുക്രേനിയൻ വിശ്വാസികളും സഭകളും തങ്ങളെയാണ് അംഗീകരിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.
മുഴുവൻ ഓർത്തഡോക്സ് വിശ്വാസികൾക്കും നേരെയുള്ള ശക്തമായ പ്രഹരമാണിതെന്നും അപലപനീയമായ നീക്കമാണിതെന്നും റഷ്യ പ്രതികരിച്ചു. റഷ്യൻ ഓർത്തഡോക്സ് സഭയും നിയമത്തിനെതിെര രംഗത്തുവന്നു. നേരത്തെ യുക്രെയ്‌നിലെ അധിനിവേശത്തെ "വിശുദ്ധ യുദ്ധം" എന്നായിരുന്നു സഭ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.