കിയവ്: കരിങ്കടലിലെ തന്ത്രപ്രധാനമായ സ്നേക് ദ്വീപിൽനിന്ന് സൈന്യത്തെ അടിയന്തരമായി പിൻവലിച്ച് റഷ്യ. ഫെബ്രുവരി 24ന് യുക്രെയ്ൻ അധിനിവേശം ആരംഭിച്ചയുടൻ നിയന്ത്രണത്തിലാക്കിയ പ്രദേശത്തുനിന്നാണ് പിന്മാറ്റം. കനത്ത ആക്രമണത്തെതുടർന്ന് റഷ്യ നിർബന്ധിതമായാണ് പിന്മാറിയതെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. രണ്ട് സ്പീഡ് ബോട്ടുകളിൽ രാത്രിയിലായിരുന്നു റഷ്യൻ സൈന്യം ദ്വീപ് വിട്ടത്.
ആഴ്ചകൾക്കുമുമ്പ് റഷ്യയുടെ വിമാനവാഹിനി കപ്പൽ 'മോസ്കോ' തകർക്കപ്പെട്ടതോടെ ഈ ദ്വീപ് വ്യോമസേന താവളമാക്കാൻ റഷ്യ പദ്ധതിയിട്ടിരുന്നതായും പിന്മാറ്റത്തോടെ മേഖലയിൽ നിർണായക നീക്കങ്ങൾക്ക് ശേഷി നഷ്ടപ്പെട്ടതായും യുക്രെയ്ൻ സേന പറഞ്ഞു. ദ്വീപ് റഷ്യ നിയന്ത്രണത്തിലാക്കി ഏറെക്കഴിഞ്ഞിട്ടും യുക്രെയ്ൻ ഇവിടെ തുടർച്ചയായി ആക്രമണം നടത്തിയിരുന്നു. രണ്ടാഴ്ചയായി ആക്രമണം ശക്തമാക്കുകയും ചെയ്തു. ഇതോടെയാണ് പിന്മാറ്റത്തിന് നിർബന്ധിതമായതെന്നാണ് സൂചന.
എന്നാൽ, മാനുഷിക നടപടിയെന്ന നിലക്കാണ് കരിങ്കടൽ തുറമുഖങ്ങൾവഴി ചരക്കുകടത്തിന് അവസരമൊരുക്കി സൈന്യത്തെ തിരിച്ചുവിളിച്ചതെന്ന് റഷ്യ പറയുന്നു. ഒഡേസ ഉൾപ്പെടെ തുറമുഖങ്ങളിൽനിന്ന് ഇതോടെ റഷ്യൻ ധാന്യങ്ങൾ കയറ്റുമതി ചെയ്യാനാകും. കയറ്റുമതി നിലച്ചതോടെ ലോകത്ത് ഭക്ഷ്യവില കുതിച്ചുയർന്നിരുന്നു.
അതിനിടെ, യുക്രെയ്ന് 120 കോടി ഡോളർ (9,487 കോടി രൂപ) ബ്രിട്ടൻ സഹായം പ്രഖ്യാപിച്ചു. വ്യോമപ്രതിരോധ സംവിധാനം, ഡ്രോണുകൾ എന്നിവയാണ് നൽകുക. നേരത്തേ 140 കോടി ഡോളറിന്റെ ആയുധങ്ങൾ ബ്രിട്ടൻ കൈമാറിയിരുന്നു.
റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മുമ്പെങ്ങുമില്ലാത്തവിധം യൂറോപ്പിൽ അമേരിക്കൻ സേന സാന്നിധ്യം കൂട്ടുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കര, നാവിക, വ്യോമ മേഖലകളിൽ പ്രാതിനിധ്യം കൂട്ടും. സ്പെയിനിൽ യു.എസ് യുദ്ധക്കപ്പലുകളുടെ എണ്ണം നാലുള്ളത് ആറാക്കും. പോളണ്ടിൽ അഞ്ചാം സൈനിക വിഭാഗത്തിന് സ്ഥിരം ആസ്ഥാനം പണിയും. റുമേനിയയിൽ 5,000 അധിക സൈനികരെ വിന്യസിക്കും. ബാൾട്ടിക് രാജ്യങ്ങളിൽ നിരീക്ഷണം ശക്തമാക്കും തുടങ്ങിയവയാണ് പുതിയ മാറ്റങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.