കിയവ്: തലസ്ഥാനനഗരമായ കിയവ് വിട്ട് വ്യവസായ കേന്ദ്രീകൃതമായ കിഴക്കൻ മേഖലയിലേക്ക് റഷ്യൻ സൈന്യം ആക്രമണം വ്യാപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ പ്രതിരോധം തീർക്കാൻ നാറ്റോ കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് യുക്രെയ്ൻ. കിയവിലെ പ്രാന്തപ്രദേശങ്ങളിലെ പോലെ കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ആയുധങ്ങൾ നൽകണമെന്നാണ് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ നാറ്റോയോട് ആവശ്യപ്പെട്ടത്.
സുഗമമായി വഹിക്കാവുന്ന ടാങ്ക് വേധ, വിമാന വേധ ആയുധങ്ങളാണ് പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്ന് നൽകുന്നത്. ചില ആയുധങ്ങൾ ഉപയോഗിക്കാൻ യുക്രെയ്ൻ സേനക്ക് പരിശീലനവും അനിവാര്യമാണ്.
വിമാനങ്ങൾ, ഭൂമിയിൽനിന്ന് തൊടുക്കാവുന്ന മിസൈലുകൾ, സൈനിക വാഹനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ കൂടുതലായി വേണമെന്നാണ് കുലേബ ബ്രസൽസിലെത്തി നാറ്റോയോട് ആവശ്യപ്പെട്ടത്. യുക്രെയ്ന് അംഗരാജ്യങ്ങൾ കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജിൻസ് സ്റ്റോൾട്ടൻബർഗ് ആഹ്വാനം ചെയ്തു. അതിനിടെ, കിയവിൽനിന്ന് റഷ്യൻ സേന പൂർണമായി പിൻവാങ്ങി എന്നതിൽ അവ്യക്തത നിലനിൽക്കുന്നതായി യു.എസ് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ മേഖലയിലെ ഡൊണേട്സ്ക്, ലുഹാൻസ്ക് എന്നിവ പിടിച്ചെടുക്കാനായാൽ സൈന്യം കിയവിലേക്ക് മടങ്ങിയേക്കുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. കിയവ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യം റഷ്യ ഉപേക്ഷിക്കില്ലെന്ന ആശങ്ക യുക്രെയ്ൻ അധികൃതരും പങ്കുവെച്ചു.
കിയവിൽനിന്ന് റഷ്യൻ സൈന്യം പിൻമാറിയതോടെ ബുച്ച പോലുള്ള നഗരങ്ങളിൽനിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മകാരിവിൽനിന്ന് 20 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. യുദ്ധം ആറാഴ്ച പിന്നിട്ടിട്ടും തലസ്ഥാനമായ കിയവ് കീഴടക്കാൻ കഴിയാതെ വന്നതോടെയാണ് മറ്റു മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് റഷ്യ അടവ് മാറ്റിയത്.
കിഴക്കൻ യുക്രെയ്നിലെ ഡൊൺബസ് ആണ് ഇപ്പോൾ റഷ്യയുടെ ഉന്നം. റഷ്യൻ ഭാഷ സംസാരിക്കുന്നവരാണ് ഇവിടെ കൂടുതലും. അതിനിടെ, തദ്ദേശവാസികളെ ഒഴിപ്പിക്കാൻ യുക്രെയ്നിൽ 10 മാനുഷിക ഇടനാഴികൾക്ക് റഷ്യ അനുമതി നൽകിയതായി യുക്രെയ്ൻ വ്യക്തമാക്കി. കിഴക്കൻ മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് പ്രധാനമായും യുക്രെയ്ന്റെ ശ്രമം. മരിയുപോളിൽ ഒരുലക്ഷം ആളുകൾ ഒഴിപ്പിക്കാൻ ബാക്കിയാണ്.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് പാശ്ചാത്യ രാജ്യങ്ങൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര ധനകാര്യ സമ്പ്രദായത്തിൽനിന്ന് അവരുടെ ബാങ്കുകൾക്ക് വിലക്കേർപ്പെടുത്തണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആവശ്യമുന്നയിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ഓസ്ട്രിയ നിരവധി റഷ്യൻ നയതന്ത്രപ്രതിനിധികളെ പുറത്താക്കി. ആസ്ട്രേലിയ 67 റഷ്യക്കാർക്ക് ഉപരോധം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.