മോസ്കോ: നാറ്റോയിൽ ചേരാനുള്ള നീക്കത്തിനിടെ ഫിൻലൻഡിന് മുന്നറിയിപ്പുമായി റഷ്യ. നാറ്റോയിൽ അംഗത്വമെടുക്കുന്നത് അബദ്ധമാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഫിൻലൻസ് പ്രസിഡന്‍റ് സവുലി നിനിസ്റ്റോയെ അറിയിച്ചു.
നാറ്റോയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെ ഫിൻലൻഡിലേക്കു വൈദ്യുതി നൽകുന്നത് റഷ്യൻ കമ്പനി നിർത്തിവെച്ചിരുന്നു. ഫിൻലൻഡിന്‍റെ സുരക്ഷക്ക് ഭീഷണിയില്ലെന്ന് ഫോൺ സംഭാഷണത്തിൽ പുടിൻ വ്യക്തമാക്കി. നാറ്റോ അംഗത്വം ലഭിക്കാൻ ഉടൻ അപേക്ഷ നൽകുമെന്ന് സവുലി നിനിസ്റ്റോ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ അറിയിച്ചു.
പിന്നാലെയാണ് തീരുമാനം അബദ്ധമാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകിയത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടെ ഫിൻലൻഡിന്റെ സുരക്ഷ സാഹചര്യം മാറിയതിനെ കുറിച്ചും ടെലിഫോൺ ചർച്ചയിൽ നിനിസ്റ്റോ പുടിനെ ബോധ്യപ്പെടുത്തി.
റഷ്യയുമായി 1,340 കിലോമീറ്റർ അതിർത്തിയാണ് ഫിൻലൻഡ് പങ്കിടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ റഷ്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യവും ഫിൻലൻഡാണ്. നാറ്റോയിൽ ചേരുന്നതു സംബന്ധിച്ച് ഫിൻലൻഡ് ഞായറാഴ്ച തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ സ്വീഡനും നാറ്റോയിൽ ചേരാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.