കിയവ്: യുക്രെയ്നിലെ കിഴക്കൻ നഗരമായ സെവറോഡോണെറ്റ്സ്ക് ശനിയാഴ്ച റഷ്യൻ സൈന്യം പൂർണമായും പിടിച്ചെടുത്തു. യുദ്ധം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ഒരു മാസത്തോളമായി ആക്രമണം റഷ്യ വീണ്ടും ശക്തമാക്കിയിരുന്നു. പിന്നാലെ റഷ്യൻ സേന സെവറോഡോണെറ്റ്സ്ക് പിടിച്ചെടുത്തതായി യുക്രെയ്നും സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം യുക്രെയ്നിലെ ഏറ്റവും വലിയ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുത്തിനു ശേഷമുള്ള റഷ്യയുടെ മറ്റൊരു മുന്നേറ്റമാണ് സെവറോഡോണെറ്റ്സ്കിന്‍റെ പതനം. ഇതോടെ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ റഷ്യ ശക്തമാക്കി. യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ഇവിടെ ഒരു ലക്ഷത്തിലധികം ആളുകളാണ് താമസിച്ചിരുന്നത്. സെവറോഡോണെറ്റ്സ്ക് ശേഷം റഷ്യ ഇപ്പോൾ ലിസിചാൻസ്ക് ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ ആരംഭിച്ചതായി റഷ്യൻ അനുകൂല വിഘടനവാദികൾ പറഞ്ഞു.
അതേസമയം സെവറോഡോണെറ്റ്സ്ക് ഉൾപ്പെടെ യുക്രെയ്ന് നഷ്ടപ്പെട്ട എല്ലാ നഗരങ്ങളും തിരിച്ചു പിടിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. എന്നാൽ യുദ്ധത്തിൽ വിജയിക്കുക എത്രത്തോളം പ്രയാസമാണെന്നത് സെലൻസ്കി സമ്മതിച്ചു. യുദ്ധം ഇനിയും എത്ര നാൾ നീണ്ടു നിൽക്കുമെന്നോ വിജയത്തിലേക്കെത്താൻ എത്രത്തോളം പരിശ്രമിക്കേണ്ടി വരുമെന്നോ അതിൽ എത്ര നഷ്ടങ്ങൾ നേരിടേണ്ടി വരുമെന്നോ ഞങ്ങൾക്ക് ഒരു ധാരണയുമില്ല.
നഗരം ഇപ്പോൾ പൂർണമായും റഷ്യയുടെ കീഴിലാണെന്ന് സെവറോഡോണെറ്റ്സ്ക് മേയർ ഒലെക്സാണ്ടർ സ്ട്രൈക്ക് പറഞ്ഞു. എന്നാൽ സെവറോഡോണെറ്റ്സ്കിൽ നിന്ന് സൈന്യത്തെ പിൻവലിച്ചുകൊണ്ട് യുക്രെയ്ൻ നഗരം തിരിച്ചു പിടിക്കാനുള്ള തന്ത്രപരമായ പുനഃസംഘടന നീക്കത്തിനൊരുങ്ങുകയാണെന്ന് യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസ് മേധാവി കൈറിലോ ബുഡനോവ് അവകാശപ്പെട്ടു.
മരിയുപോളിൽ ഉപയോഗിച്ച അതേ തന്ത്രമാണ് റഷ്യ സെവറോഡോണെറ്റ്സ്ക് പിടിച്ചെടുക്കാനും ഉപയോഗിച്ചത്. ഭൂമുഖത്ത് നിന്ന് നഗരത്തെ തുടച്ചു നീക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. നിലവിലെ സാഹചര്യത്തിൽ പൂർണമായി തകർക്കപ്പെട്ട നഗരത്തിൽ നിന്ന് ഇനി റഷ്യയെ പ്രതിരോധിക്കുന്നത് സാധ്യമല്ലെന്നെന്നും അതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരാൻ യുക്രെയ്ൻ സേന ഉയർന്ന പ്രദേശങ്ങളിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.